ജിദ്ദ : തവണ വ്യവസ്ഥയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കൃത്യമായ തിരിച്ചടവ് മുടക്കുന്ന ഉപയോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കുന്നത് ഇസ്‌ലാം കര്‍ശനമായി വിലക്കിയ തനി പലിശയാണെന്ന് സ്ഥിരം ഫത്‌വാ കമ്മിറ്റി മതവിധി നല്‍കി. തവണ വ്യവസ്ഥയില്‍ വില്‍പന നടത്തുന്ന ചില വ്യാപാര സ്ഥാപനങ്ങള്‍ തിരിച്ചടവിന് കാലതാമസമുണ്ടാകുമ്പോള്‍ തിരിച്ചടവ് തുക ഉയര്‍ത്തുന്നതായും ഇങ്ങിനെ അധികമായി ഈടാക്കുന്ന തുക ഔദ്യോഗിക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് വാദിക്കുന്നതായും അറിയിച്ചും ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് അനുവദീനയമാണോയെന്ന് ആരാഞ്ഞും ഗ്രാന്റ് മുഫ്തിക്ക് ലഭിച്ച ചോദ്യത്തിന് മറുപടിയായായാണ് സ്ഥിരം ഫത്‌വാ കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
നിശ്ചയിച്ച സമയത്ത് കടം തിരിച്ചടക്കാന്‍ കഴിയാത്തവരുടെ മേല്‍ വായ്പാതുക ഉയര്‍ത്തുന്നത് തനി പലിശയാണെന്നും ഇത് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും കര്‍ശനമായി വിലക്കിയതാണെന്നും സ്ഥിരം ഫത്‌വാ കമ്മിറ്റി വ്യക്തമാക്കി. തിരിച്ചടവിന് കാലതാമസം വരുത്തുന്ന പക്ഷം തിരിച്ചടവ് തുക ഉയര്‍ത്തുമെന്ന വ്യവസ്ഥ വില്‍പന കരാറില്‍ ഉള്‍പ്പെടുത്തുന്ന വ്യാപാര സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതും തിരിച്ചടവിന് കാലതാമസം വരുത്തില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ പോലും മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല. ഇത്തരം സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നത് മതനിഷിദ്ധമായ കാര്യം അംഗീകരിക്കുന്നതിന് തുല്യമാണ്. അധികമായി ഈടാക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന വാദം ഇത്തരമൊരു വ്യവസ്ഥ വില്‍പന കരാറില്‍ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നില്ല. കാരണം അല്ലാഹു നല്ലവനാണ്. നല്ലതു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നും സ്ഥിരം ഫത്‌വാ കമ്മിറ്റി വ്യക്തമാക്കി.