ദോഹ : അനിയന്ത്രിതമായ രീതിയിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ ഫയൽ ചെയ്ത കേസിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി.പത്ത് ദിവസത്തിനകം വിശദീകരണം നൽകാനാണ് ചീഫ് ജസ്റ്റീസ് എ. ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റെ നിർദ്ദേശം നൽകിയത്. ഖത്തറിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുൾ റൗഫ് ഉൾപ്പെടെയുള്ളവർ അഡ്വ അലക്സ് കെ ജോൺ മുഖേന നൽകിയ പൊതു താല്പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
നിയന്ത്രണമില്ലാതെ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റീസ് കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ മറുപടി നൽകിയെങ്കിലും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഡി വിഷൻ ബെഞ്ച് നിർദ്ദേശിച്ചു. അനിയന്ത്രിതമായി വിശേഷിച്ചും ഗൾഫ് സെക്ടറിലേക്ക് യാത്രക്കാർ കൂടുതലുള്ള സീസണിൽ രണ്ടും മൂന്നും ഇരട്ടിയാണ് വിമാന കമ്പനികൾ ചാർജ് ഈടാക്കുന്നത്. ഇതിനെതിരെ പ്രവാസികളുടെ ഭാഗത്തുനിന്നും മറ്റും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും കേന്ദ്ര ഗവൺമെന്റിൽ നിന്നും മുഖവിലക്കെടുത്തിരുന്നില്ല. വിമാന കമ്പനികളുടെ ചാർജ് നിർണയിക്കുന്നതിൽ ഇടപെടാൻ കേന്ദ്ര ഗവൺമെന്റിന് പരിമിതികൾ ഉണ്ടെന്നായിരുന്നു ഈ ഘട്ടങ്ങളിലെല്ലാം നൽകിയ വിശദീകരണം. ഈയൊരു ഘട്ടത്തിലാണ് വിവിധ രാജ്യങ്ങളിലെ സാമൂഹ്യ പ്രവർത്തകർ ഹരജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്.വിമാന ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.