റിയാദ് : കാർഷിക മേഖലാ വികസനം വർധിപ്പിക്കാനും മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി സംഘടിപ്പിച്ച നാൽപതാമത് സൗദി അഗ്രിക്കൾച്ചറൽ എക്സിബിഷനിൽ 300 കോടിയിലേറെ റിയാലിന്റെ പതിനാറു കരാറുകൾ ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള സുപ്രധാന ചുവടുവെപ്പെന്നോണമാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
സാങ്കേതികവും സാമ്പത്തികവുമായ വിദഗ്ധോപദേശങ്ങൾ കൈമാറുന്നതിന് മൂന്നു ധാരണാപത്രങ്ങളും എക്സിബിഷനിടെ ഒപ്പുവെച്ചു. സൗദി അഗ്രിക്കൾച്ചറൽ എക്സിബിഷനിൽ സൗദി ഫുഡ് പാക്കേജിംഗ് എക്സിബിഷൻ, സൗദി കാർഷിക ഭക്ഷ്യ പ്രദർശനം, സൗദി അക്വാ കൾച്ചർ എക്സിബിഷൻ എന്നീ മൂന്ന് എക്സിബിഷനുകൾ അടങ്ങിയിരുന്നു.
നാലു ദിവസം നീണ്ടുനിന്ന എക്സിബിഷനിൽ 40 രാജ്യങ്ങളിൽ നിന്നുള്ള 410 കമ്പനികൾ പങ്കെടുത്തു. സൗദി അഗ്രിക്കൾച്ചറൽ എക്സിബിഷന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ജനപങ്കാളിത്തം രേഖപ്പെടുത്തിയ പ്രദർശനമായിരുന്നു ഇത്തവണത്തേത്. വ്യവസായികൾ, പ്രാദേശിക വിദഗ്ധർ, മൊത്തക്കച്ചവടക്കാർ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവർ അടക്കമുള്ള ബന്ധപ്പെട്ടവർക്ക് നൂതനാശയങ്ങളെ കുറിച്ച് അറിയാൻ അവസരമൊരുക്കിയ പ്രദർശനം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുകയും വിപണനം ശക്തമാക്കാനുള്ള വഴികളിലേക്ക് വെളിച്ചം വീശുകയും ചെയ്തു.
ഹോളണ്ട്, ചൈന, ഇന്ത്യ, തായ്ലന്റ്, സ്പെയിൻ, തുർക്കി, ജോർജിയ അടക്കം നിരവധി രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ എക്സിബിഷനിൽ സജീവ പങ്കാളിത്തം വഹിച്ച് ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ, ഹരിതഗൃഹങ്ങൾ, സ്മാർട്ട് കൃഷി, കാർഷിക റോബോട്ടുകൾ, കോഴി-കന്നുകാലി ഫാമുകൾക്കുള്ള പരിഹാരങ്ങളും സാങ്കേതിക വിദ്യകളും, കാർഷിക ഉൽപന്നങ്ങളുടെ സംസ്കരണവും പാക്കേജിംഗും, മത്സ്യകൃഷി, ജലസേചന സംവിധാനങ്ങൾ, കീടനാശിനികളും വളങ്ങളും, ഡയറി ഫാമുകൾ, അക്രിക്കൾച്ചറൽ ഇൻകുബേറ്ററും നഴ്സറി സാങ്കേതിക വിദ്യകളും, കാർഷിക ഡ്രോണുകൾ, റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനുകൾ, വെർട്ടിക്കൽ-ഹൈഡ്രോ പോണിക് ഫാമിംഗ് ടെക്നോളജികൾ എന്നീ മേഖലകളിലെ നൂതന കണ്ടുപിടുത്തങ്ങളും ഉൽപന്നങ്ങളും തങ്ങളുടെ പവലിയനുകളിൽ പ്രദർശിപ്പിച്ചു.