റിയാദ് : സൗദി അറേബ്യയിൽ ഫാമിലി വിസിറ്റ് വിസയിലെത്തി ആറു മാസം പൂർത്തിയാകുന്നവർ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചാൽ പത്തോ പതിനഞ്ചോ ദിവസത്തിനം രാജ്യം വിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി ട്രാവൽ ഏജന്റുമാർ. ആറു മാസം കഴിഞ്ഞും സൗദിയിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർ നേരത്തെയുള്ളതു പേലെ എക്സിറ്റിൽ രാജ്യത്തിനു പുറത്തുപോയി വീണ്ടും പ്രവേശിക്കേണ്ടിവരും. വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി തിരികെ എത്തിക്കുന്ന സേവനവുമായി ട്രാവൽ ഏജൻസികൾ രംഗത്തുണ്ട്.
സൗദി അറേബ്യയിലെത്തി മൂന്ന് മാസമായാൽ ഒറ്റത്തവണ മാത്രമാണ് ഓൺലൈനിൽ പുതുക്കാൻ സാധിക്കുന്നത്. മൾടിപ്പിൾ എൻട്രി വിസയിൽ ആറു മാസം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ ഓൺലൈനിൽ പുതുക്കാൻ ശ്രമിച്ചവർക്ക് പത്ത് ദിവസത്തെ സാവകാശത്തിൽ എക്സിറ്റാണ് ലഭിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു.
ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് നേരത്ത അറിയിച്ചിരുന്നു. അബ്ശിര്‍, മുഖീം പ്ലാറ്റ്ഫോമുകള് വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.
വിസ നീട്ടുന്നതിന് 100 റിയാല്‍ ആണ് ജവാസാത്ത് ഫീ അടക്കേണ്ടത്. മള്‍ട്ടിപ്പിൾ വിസക്ക് മൂന്നു മാസത്തേക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം. വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ തടസ്സം നേരിട്ടാൽ അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.
നേരത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസ നേടിയവർക്ക് ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്പിൾ എന്‍ട്രിയും ഇപ്പോള്‍ ഓണ്‍ലൈനില്‍ പുതുക്കാം. സിംഗിള്‍ എന്‍ട്രി ഓരോ 30 ദിവസത്തിനുള്ളിലും മള്‍ട്ടിപ്പിൾ എന്‍ട്രി ഓരോ 90 ദിവസത്തിനുള്ളിലുമാണ് പുതുക്കേണ്ടത്. കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും.