റിയാദ് : 1300 ലേറെ യൂറോപ്യൻ കമ്പനികൾ സൗദിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി, യൂറോപ്യൻ യൂനിയൻ നിക്ഷേപ ഫോറം റിയാദിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിക്ഷേപ മന്ത്രി.
സൗദി അറേബ്യയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തമ്മുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 80 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയിൽ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. മേഖലയിൽ ഏറ്റവും മികച്ച ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങളുള്ളത് സൗദിയിലാണ്. വലിയ തോതിലുള്ള പരിവർത്തനങ്ങൾക്ക് സമീപ കാലത്ത് സൗദി അറേബ്യ സാക്ഷ്യം വഹിച്ചുവരുന്നു. വൈദ്യുതി, ഡിജിറ്റൈസേഷൻ, സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗം, സാമ്പത്തിക പരിവർത്തനം എന്നിവ അടക്കം സ്വദേശികളെ വളർച്ചയിലും വികസനത്തിലും ത്വരിതപ്പെടുത്തുന്ന പരിസ്ഥിതികളാൽ ശാക്തീകരിക്കുന്നത് നിലവിലെ സവിശേഷതയാണ്. ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജം ഉപയോഗിച്ചുള്ള ഹരിത പരിവർത്തനത്തിന്റെ ദിശയിലാണ് രാജ്യം ഇപ്പോൾ. ജനസംഖ്യാപരമായ പരിവർത്തനങ്ങൾക്കും സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നു.
ടെക്നിക്കൽ കണക്ടിവിറ്റിയിൽ ആഗോള തലത്തിൽ സ്ഥാനം മെച്ചപ്പെടുത്താനും 17 സ്ഥാനങ്ങൾ മറികടക്കാനും സൗദി അറേബ്യക്ക് സാധിച്ചു. ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കാൻ കഴിയുന്ന ആഗോള കേന്ദ്രമായി സൗദി അറേബ്യ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ മേഖലകളിലും യൂറോപ്യൻ യൂനിയനുമായി പങ്കാളിത്തം വ്യാപിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ തനിക്ക് ഉറച്ച വിശ്വാസമുണ്ട്. സൗദിയിൽ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്. മേഖലയിൽ ഏറ്റവും മികച്ച ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങളുള്ളതും സൗദിയിലാണെന്ന് നിക്ഷേപ മന്ത്രി പറഞ്ഞു.
സൗദി അറേബ്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ കരുത്താർജിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സൗദി, ഇ.യു നിക്ഷേപ ഫോറം സംഘടിപ്പിച്ചത്. യൂറോപ്യൻ യൂനിയനിൽ അംഗങ്ങളായ 27 രാജ്യങ്ങൾ 2021 ൽ സൗദിയിൽ 13.4 ബില്യൺ യൂറോയുടെ നേരിട്ടുള്ള നിക്ഷേപങ്ങൾ നടത്തി.
സൗദിയിലെ യൂറോപ്യൻ നിക്ഷേപത്തിന്റെ പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. സൗദിയിലെ യൂറോപ്യൻ നിക്ഷേപം കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതകളിലേക്കും ഇത് വിരൽ ചൂണ്ടുന്നു.