ജിദ്ദ : കോവിഡ് മഹാമാരിക്കു ശേഷമുള്ള രണ്ടര വർഷത്തിനിടെ 116.2 ബില്യൺ റിയാലിന്റെ (31 ബില്യൺ ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ സൗദിയിലെത്തിയതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2021 ആദ്യം മുതൽ ഈ വർഷം രണ്ടാം പാദാവസാനം വരെയുള്ള കാലത്താണ് ഇത്രയും വിദേശ നിക്ഷേപങ്ങൾ സൗദിയിലെത്തിയത്. തൊട്ടു മുമ്പുള്ള രണ്ടര വർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ രണ്ടര കൊല്ലത്തിനിടെ സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 232 ശതമാനം തോതിൽ വർധിച്ചു. 2017 രണ്ടാം പാദം മുതൽ 2019 അവസാനം വരെയുള്ള കാലത്ത് 35 ബില്യൺ റിയാലിന്റെ (9.3 ബില്യൺ ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്.
2019 രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 47 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ 6.2 ബില്യൺ റിയാലിന്റെ നേരിട്ടുള്ള നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. കൊറോണ മഹാമാരിക്കു മുമ്പ് 2019 രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 4.2 ബില്യൺ റിയാലായിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 38 ശതമാനം തോതിൽ വർധിച്ച് 14.3 ബില്യൺ റിയാലായി. കൊറോണ മഹാമാരിക്കു മുമ്പ് 2019 ആദ്യ പകുതിയിൽ വിദേശ നിക്ഷേപങ്ങൾ 8.9 ബില്യൺ റിയാലായിരുന്നു. 2021 ൽ 72.3 ബില്യൺ റിയാലിന്റെയും 2022 ൽ 29.6 ബില്യൺ റിയാലിന്റെയും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2021 ലെ വിദേശ നിക്ഷേപങ്ങൾ 2010 നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ്.
വിദേശ നിക്ഷേപകർക്കു മുന്നിലുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താനും സൗദി അറേബ്യ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഫലമായാണ് വിദേശ നിക്ഷേപങ്ങൾ വലിയ തോതിൽ വർധിച്ചത്.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ലഭ്യമായ ഭീമമായ നിക്ഷേപാവസരങ്ങളും മേഖല ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാൻ തീരുമാനിച്ച ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം വർധിച്ചതുമെല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ഉയരാൻ സഹായിച്ചു. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 388 ബില്യൺ റിയാലായി ഉയർത്താൻ സൗദി അറേബ്യ ശ്രമിക്കുന്നു. 2020 ൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 20.2 ബില്യൺ റിയാലായിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ സംഭാവന 5.7 ശതമാനമായി ഉയർത്താൻ സൗദി അറേബ്യ ലക്ഷ്യമിടുന്നു.
ഈ വർഷം ആദ്യ പകുതിയിൽ സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ആറു ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 15.2 ബില്യൺ റിയാൽ (4.1 ബില്യൺ ഡോളർ) ആയിരുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ വിദേശ നിക്ഷേപങ്ങൾ 21 ശതമാനം തോതിലും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 7.85 ബില്യൺ റിയാലായിരുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 2021 മൂന്നാം പാദത്തിൽ 684 കോടി റിയാലും നാലാം പാദത്തിൽ 725 കോടി റിയാലും കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 736.9 കോടി റിയാലും രണ്ടാം പാദത്തിൽ 785.4 കോടി റിയാലും മൂന്നാം പാദത്തിൽ 713.1 കോടി റിയാലും നാലാം പാദത്തിൽ 721.9 കോടി റിയാലും ഈ കൊല്ലം ആദ്യ പാദത്തിൽ 811.8 കോടി റിയാലും രണ്ടാം പാദത്തിൽ 618.8 കോടി റിയാലുമായിരുന്നു.