റിയാദ് : ഗാസയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങൾ ഹീനമായ കുറ്റകൃത്യമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഗാസയിലെ ഇസ്രായിൽ ആക്രമണവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലനം ചെയ്തു. ഗാസയിൽ സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ പ്രവർത്തിക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മേഖലയിലും ലോകത്തും സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് ആക്രമണം അവസാനിപ്പിക്കാനും സംഘർഷം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും സൗദി കിരീടാവകാശി പറഞ്ഞു.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്‌സോടാകിസും കിരീടാവകാശിയും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിൽ ബന്ധപ്പെട്ട് വിശകലനം ചെയ്തു. മേഖലയിലും ആഗോള തലത്തിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ, സംഘർഷം ലഘൂകരിക്കാനും കൂടുതൽ വ്യാപിക്കുന്നത് തടയാനും മുഴുവൻ ശ്രമങ്ങളും ആഗോള സമൂഹം നടത്തണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഫലസ്തീൻ ജനതക്ക് നിയമാനുസൃത അവകാശങ്ങൾ ലഭിക്കുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് സമാധാന പ്രക്രിയ പുനരാരംഭിക്കാനും സ്ഥിരതയുണ്ടാക്കാനും സാഹചര്യങ്ങൾ ഒരുക്കണമെന്നും സൗദി കിരീടാവകാശി പറഞ്ഞു.