ജിദ്ദ : ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ വന്‍തുക ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് നിരവധി സൗദി പൗരന്മാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സൗദി പൗരന്മാരും വിദേശികളും അടങ്ങിയ പതിനാലംഗ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. സൗദിയില്‍ ലൈസന്‍സില്ലാത്ത ഡിജിറ്റല്‍ കറന്‍സികള്‍ വിപണനം ചെയ്യല്‍, ഇരകളില്‍ നിന്ന് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം സ്വീകരിക്കല്‍, ഈ തുക ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ്ഫോമുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യല്‍, മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ആക്ടിവേറ്റ് ചെയ്യുന്ന ഉപകരണങ്ങള്‍ കൈവശം വെക്കല്‍, നിയമ വിരുദ്ധമായി സിം കാര്‍ഡുകള്‍ കൈവശം വെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതായി അന്വേഷണങ്ങളില്‍ തെളിഞ്ഞു.
നിസാര തുകക്ക് വിദേശത്തുള്ള വ്യാജ കമ്പനികളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചാണ് സംഘം ഡിജിറ്റല്‍ കറന്‍സി വിപണനത്തിലൂടെ തട്ടിപ്പുകള്‍ നടത്തിയത്. പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങളും പ്രോഗ്രാമുകളും വഴി കോളുകള്‍ കടത്തിവിട്ട് വിദേശങ്ങളിലുള്ള വ്യാജ കമ്പനി പ്രതിനിധികള്‍ക്ക് സൗദിയിലെ ഇരകളുമായി ആശയവിനിമയം നടത്താന്‍ തട്ടിപ്പ് സംഘം കൂട്ടുനിന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.