ജിദ്ദ : പെട്രോൾ ബങ്കുകൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. ചില നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ പരിഷ്‌കരിക്കുകയും മറ്റു ചില നിയമ ലംഘനങ്ങൾ പുതുതായി നിർണയിക്കുകയും ചെയ്തിട്ടുണ്ട്. കോഫി ഷോപ്പോ റെസ്റ്റോറന്റോ ഇല്ലാതിരിക്കുകയോ മിനിമാർക്കറ്റ് അടക്കുകയോ ചെയ്യുന്ന പെട്രോൾ ബങ്കിന് 5,000 റിയാൽ പിഴ ചുമത്തും. ഈ നിയമ ലംഘനം പുതുതായി ഉൾപ്പെടുത്തിയതാണ്.
വ്യാപാര സ്ഥാപനങ്ങളും പെട്രോൾ ബങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നഗരസഭാ നിയമ ലംഘനങ്ങളും ഇവക്കുള്ള പിഴകളും അടങ്ങിയ പരിഷ്‌കരിച്ച നിയമാവലി കഴിഞ്ഞ ദിവസം മുതൽ മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. റോഡുകളുമായും പൊതുനിർമാണ ജോലികളുമായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള പരിഷ്‌കരിച്ച പിഴകൾ കഴിഞ്ഞ മാസം 15 മുതൽ മന്ത്രാലയം നടപ്പാക്കി തുടങ്ങിയിരുന്നു.