ദുബായ് : ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ ദുബായിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 21.7 ശതമാനം വർധിച്ചതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം അറിയിച്ചു. എട്ടു മാസത്തിനിടെ 1.1 കോടി വിദേശ ടൂറിസ്റ്റുകൾ ദുബായ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 91.2 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് ദുബായിലെത്തിയത്. ടൂറിസ്റ്റുകളുടെ എണ്ണം, ഹോട്ടൽ മുറികളുടെ എണ്ണം, ഹോട്ടൽ മുറികളുടെ ബുക്കിംഗ്, ശരാശരി നിരക്ക്, ഹോട്ടൽ മുറിയിൽ നിന്നുള്ള ശരാശരി വരുമാനം എന്നിവ അടക്കമുള്ള മുഴുവൻ സൂചകങ്ങളിലും കൊറോണ മഹാമാരിക്കു മമ്പുള്ള നിരക്കുകൾ ഈ വർഷം മറികടക്കാൻ ദുബായിക്ക് സാധിച്ചു.
ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികൾ ദുബായിലെത്തിയത് ഇന്ത്യയിൽ നിന്നാണ്. 15.6 ലക്ഷം ഇന്ത്യക്കാർ എട്ടു മാസത്തിനിടെ ദുബായ് സന്ദർശിച്ചു. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിൽ നിന്ന് 7,85,000 ലേറെ ടൂറിസ്റ്റുകളും മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടനിൽ നിന്ന് 7,34,000 സന്ദർശകരും നാലാം സ്ഥാനത്തുള്ള റഷ്യയിൽ നിന്ന് 7,31,000 വിനോദ സഞ്ചാരികളും അഞ്ചാം സ്ഥാനത്തുള്ള ഒമാനിൽ നിന്ന് 7,11,000 സന്ദർശകരും ആറാം സ്ഥാനത്തു നിന്നുള്ള അമേരിക്കയിൽ നിന്ന് 4,72,000 ടൂറിസ്റ്റുകളും ഏഴാം സ്ഥാനത്തുള്ള ചൈനയിൽ നിന്ന് 3,92,000 സന്ദർശകരും എട്ടാം സ്ഥാനത്തുള്ള ജർമനയിൽ നിന്ന് 3,71,000 ടൂറിസ്റ്റുകളും ഒമ്പതാം സ്ഥാനത്തു നിന്നുള്ള ഇറാനിൽ നിന്ന് 2,54,000 ടൂറിസ്റ്റുകളും എട്ടു മാസത്തിനിടെ ദുബായിൽ എത്തി.
ഓഗസ്റ്റ് അവസാനത്തെ കണക്കുകൾ പ്രകാരം ദുബായിൽ ഹോട്ടൽ മുറികളുടെ എണ്ണം 1,48,500 ഓളം ആയി. ദുബായിൽ ആകെ 814 ഹോട്ടലുകളാണുള്ളത്. കഴിഞ്ഞ കൊല്ലം ഓഗസ്റ്റ് അവസാനത്തിൽ ദുബായിൽ ആകെ 779 ഹോട്ടലുകളിൽ 1,42,200 ഓളം റൂമുകളാണുണ്ടായിരുന്നത്. ദുബായിലെ ഹോട്ടലുകളിൽ ശരാശരി ഒക്യുപെൻസി നിരക്ക് 76 ശതമാനമായി. കഴിഞ്ഞ കൊല്ലം ഇത് 71 ശതമാനമായിരുന്നു. 2019 ആദ്യത്തെ എട്ടു മാസക്കാലത്ത് ദുബായിൽ ഹോട്ടൽ ഒക്യുപെൻസി നിരക്ക് 73 ശതമാനമായിരുന്നു.
ദുബായിലെ ഹോട്ടലുകളിൽ കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. ഈ ഗണത്തിൽ പെട്ട 156 ഹോട്ടലുകളുണ്ട്. ഇവയിൽ ആകെ 51,200 റൂമുകളുണ്ട്. ദുബായിലെ ഹോട്ടലുകളിൽ 35 ശതമാനം ഫൈവ് സ്റ്റാറുകളാണ്. രണ്ടാം സ്ഥാനത്ത് ഫോർ സ്റ്റാർ ഹോട്ടലുകളാണ്. ഈ ഗണത്തിൽ പെട്ട 188 ഹോട്ടലുകളുണ്ട്. ഇവയിൽ ആകെ 42,200 റൂമുകളുണ്ട്. ദുബായിലെ ഹോട്ടലുകളിൽ 28 ശതമാനം ഫോർ സ്റ്റാർ ഹോട്ടലുകളാണ്. വൺ സ്റ്റാർ മുതൽ ത്രീ സ്റ്റാർ വരെയുള്ള വിഭാഗങ്ങളിൽ പെട്ട 274 ഹോട്ടലുകളിൽ 29,000 ലേറെ മുറികളുണ്ട്. ആകെ ഹോട്ടലുകളിൽ 20 ശതമാനം ഈ വിഭാഗത്തിൽ പെട്ടവയാണ്. ഹോട്ടൽ അപാർട്ട്മെന്റ്സ് വിഭാഗത്തിൽ പെട്ട 196 സ്ഥാപനങ്ങളും ദുബായിലുണ്ട്. ഇവയിൽ ആകെ 25,900 ഓളം റൂമുകളാണുള്ളത്. ഹോട്ടൽ വിപണിയിൽ 17 ശതമാനം ഈ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളാണെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം പറഞ്ഞു.