മദീന : 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 40ലധികം ചരിത്ര സ്മാരകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ബദര്‍ ചരിത്ര പാത’ യുടെ ഡിസൈന്‍ മത്സരം മദീന വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു.
മദീനയില്‍നിന്ന് തുടങ്ങി അല്‍അരീശ് മസ്ജിദ്, അല്റൗഹാ പ്രദേശം, ഉദ്വതൈന് അല്ദുന്യാ വല്‍ ഖുസ്വാ വഴി നിരവധി പ്രദേശങ്ങളിലൂടെ ബദര്‍ വരെ നീളുന്നതാണ് പ്രഖ്യാപിത ചരിത്ര പാത. പ്രവാചകന്റെ ജീവചരിത്രവും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം കേന്ദ്രങ്ങളിലെ ഇസ്ലാമിക ചരിത്രപ്രദേശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. 2025ല്‍ പൂര്‍ത്തിയാകും.
സൃഷ്ടിപരമായ ചിന്തയുടെയും നഗര ആസൂത്രണത്തിന്റെയും തത്വങ്ങള്‍ പ്രയോഗിച്ച് ഈ ചരിത്രപാതയെ പുനരുജ്ജീവിപ്പിക്കുക, അവ പര്യവേക്ഷണം ചെയ്യാന്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുക എന്നതാണ് മത്സരം കൊണ്ട് ലക്ഷ്യമിടുന്നത്. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക, വൈജ്ഞാനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രദേശത്തിന്റെ ചരിത്രപരമായ പൈതൃകം കാത്തുസൂക്ഷിക്കുന്ന വികസന ആശയങ്ങള്‍ വിശദീകരിക്കുകയും വേണം. പദ്ധതി പൂര്‍ത്തിയായാല്‍ മദീനയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന വിധത്തിലാകണം രൂപരേഖ. പാതയുടെ ചില ഘട്ടങ്ങളില്‍ നിക്ഷേപ സാധ്യതയും മദീന വികസന സമിതി അന്വേഷിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ വെളിച്ചത്തില്‍ ആഭ്യന്തര ഉല്പാദനം ഉയര്‍ത്തുന്നതിന് ഇത്തരം പദ്ധതികള്‍ പ്രയോജനമാകുമെന്ന് വികസന സമിതി അഭിപ്രായപ്പെട്ടു.