ജിദ്ദ : അൽഉല, തബൂക്ക് എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസുകൾ ആരംഭിക്കാനും യാമ്പു സർവീസ് പുനരാരംഭിക്കാനുമുള്ള പദ്ധതി ഖത്തർ എയർവെയ്‌സ് പ്രഖ്യാപിച്ചു. സൗദിയിൽ നിന്നും ലോക രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരോടുള്ള ഖത്തർ എയർവെയ്‌സിന്റെ പ്രതിബദ്ധതയുടെ വ്യാപ്തിയാണ് പുതിയ സർവീസുകൾ വ്യക്തമാക്കുന്നത്. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക വിനോദ സഞ്ചാര കേന്ദ്രമായ അൽഉലയിലേക്ക് ഈ മാസം 29 മുതൽ ഖത്തർ എയർവെയ്‌സ് സർവീസ് ആരംഭിക്കും. യാമ്പു സർവീസുകൾ ഡിസംബർ ആറിന് പുനരാരംഭിക്കും. ഡിസംബർ 14 ന് തബൂക്ക് സർവീസുകൾക്കും തുടക്കം കുറിക്കും.
അൽഉലയിലേക്ക് പ്രതിവാരം രണ്ടു സർവീസുകൾ വീതമാണ് ഖത്തർ എയർവെയ്‌സ് നടത്തുക. യാമ്പുവിലേക്കും തബൂക്കിലേക്കും പ്രതിവാരം മൂന്നു സർവീസുകൾ വീതവും കമ്പനി നടത്തും. അൽഉലയിലേക്ക് വ്യാഴം, ശനി ദിവസങ്ങളിലും യാമ്പുവിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തബൂക്കിലേക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് സർവീസുകൾ നടത്തുക. പുതിയ ഡയറക്ട് സർവീസുകൾ സൗദിയിലെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടുത്തറിയാനും പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകും.
അൽഉല, തബൂക്ക് സർവീസുകൾ ആരംഭിക്കുന്നതും യാമ്പു സർവീസ് പുനരാരംഭിക്കുന്നതും അറിയിക്കുന്നതിൽ ഖത്തർ എയർവെയ്‌സ് അഭിമാനിക്കുന്നതായി ഖത്തർ എയർവെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു. സാംസ്‌കാരികവും ചരിത്രപരവും പ്രകൃതിദത്തവുമായ നിരവധി അനുഭവങ്ങളാൽ സമ്പന്നമായ ഈ അത്ഭുതകരമായ നഗരങ്ങൾ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് അവസരം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അക്ബർ അൽബാകിർ പറഞ്ഞു.
നിലവിൽ സൗദിയിലെ ആറു നഗരങ്ങളിലേക്ക് ഖത്തർ എയർവെയ്‌സ് ഉണ്ട്. ദമാം, അൽഖസീം, ജിദ്ദ, മദീന, റിയാദ്, തായിഫ് എന്നിവിടങ്ങളിലേക്കാണ് നിലവിൽ ഖത്തർ എയർവെയ്‌സ് സർവീസുകളുള്ളത്. സൗദിയിലെ മൂന്നു നഗരങ്ങളിലേക്കു കൂടി സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 125 ലേറെയായി ഉയരും. സൗദിയിൽ നിന്നുള്ള ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഓപ്പറേഷൻസ് ആസ്ഥാനം വഴി ചൈനയിലെയും ജപ്പാനിലെയും യൂറോപ്പിലെയും ഇന്തോനേഷ്യയിലെയും കൊറിയയിലെയും മലേഷ്യയിലെയും അമേരിക്കയിലെയും നഗരങ്ങൾ അടക്കം ലോകത്തെ 160 ലേറെ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാൻ സാധിക്കും.