റിയാദ് : വര്‍ഷത്തില്‍ രണ്ടു തവണ വൈദ്യുതി സ്തംഭിക്കുകയും ഇതില്‍ ഓരോ തവണയും രണ്ടു മണിക്കൂറിലേറെ നേരം വൈദ്യുതി വിതരണം നിലക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് 400 റിയാല്‍ തോതില്‍ ഇനി മുതല്‍ നഷ്ടപരിഹാരം ലഭിക്കും.
വൈദ്യുതി ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ ഗൈഡിലാണ് വൈദ്യുതി സംഭനങ്ങള്ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം നിര്‍ണയിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സേവന ദാതാക്കള്‍ പരാജയപ്പെടുന്ന പക്ഷം ഉപയോക്താക്കള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരങ്ങള്‍ ഗൈഡ് നിര്‍ണയിക്കുന്നു. ഗൈഡ് പാലിക്കാന്‍ മുഴുവന്‍ സേവന ദാതാക്കളും നിര്‍ബന്ധിതരാണ്.
ബില്‍ അടച്ച ശേഷം വൈദ്യുതി സേവനം പുനഃസ്ഥാപിക്കല്‍, വൈദ്യുതി കണക്ഷന് നല്‍കാനുള്ള കാലയളവ്, വൈദ്യുതി സ്തംഭനങ്ങള്‍-വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള കാലയളവ്, ബില്ലുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുള്ള കാലയളവ്, മുന്‍കൂട്ടി പദ്ധതിയിട്ടതു പ്രകാരം വൈദ്യുതി വിതരണം മുടങ്ങുന്ന പക്ഷം അതേ കുറിച്ച് മുന്‍കൂട്ടി അറിയിക്കല്‍, ബില്ലുകള്‍ അടക്കാത്തതിന്റെ പേരില്‍ നിരോധിത സമയങ്ങളിലും സാഹചര്യങ്ങളിലും വൈദ്യുതി കണക്ഷന് വിച്ഛേദിക്കല്‍, ഉപയോക്താവിന്റെ പേരില്‍ സേവന രജിസ്ട്രേഷന്-റദ്ദാക്കല്‍ കാലയളവ് എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ട കൃത്യമായ സമയങ്ങളും നഷ്ടപരിഹാരങ്ങളും ഗൈഡില്‍ അടങ്ങിയിരിക്കുന്നു.
യഥാര്‍ഥ ഉപയോക്താവിന്റെ പേരില്‍ വൈദ്യുതി കണക്ഷന് രജിസ്റ്റര്‍ ചെയ്യാനും കണക്ഷന് റദ്ദാക്കാനുമുള്ള അപേക്ഷകളില്‍ മൂന്നു പ്രവൃത്തി ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ 100 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. മൂന്നു പ്രവൃത്തി ദിവസത്തിനകം അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത പക്ഷം തുടര്‍ന്നുള്ള ഓരോ ദിവസത്തിനും 20 റിയാല്‍ തോതിലും നഷ്ടപരിഹാരം നല്‍കണം. മുന്‍കൂട്ടി പദ്ധതിയിട്ടതു പ്രകാരം വൈദ്യുതി വിതരണം മുടങ്ങുന്നതിനെ കുറിച്ച് രണ്ടു ദിവസത്തിലധികം മുമ്പ് ഉപയോക്താവിനെ അറിയിക്കാതിരുന്നാലും 100 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന് അപേക്ഷകളില്‍ 20 പ്രവൃത്തി ദിവസത്തിനകവും ഹൈടെന്‍ഷന്‍ കണക്ഷന് അപേക്ഷകളില്‍ 60 പ്രവൃത്തി ദിവസത്തിനകവും കണക്ഷന് നല്കാതിരുന്നാല് 400 റിയാല്‍ നഷ്ടപരിഹാരത്തിന് ഉപയോക്താവിന് അവകാശമുണ്ട്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി 10 പ്രവൃത്തി ദിവസത്തിനകം പരിഹരിക്കാത്ത പക്ഷം 100 റിയാല്‍ നഷ്ടപരിഹാരം നല്കല് നിര്‍ബന്ധമാണ്.
ബില്ലുകള്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷന് വിച്ഛേദിക്കുമ്പോള്‍ അംഗീകൃത വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കാതിരിക്കല്‍, നിരോധിത സമയങ്ങളിലും സാഹചര്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കല്‍, ബില്ലില്‍ നിര്‍ണയിച്ച തീയതിക്കു മുമ്പ് വൈദ്യുതി വിച്ഛേദിക്കല്‍, അബദ്ധത്തില്‍ മീറ്റര്‍ മാറി വൈദ്യുതി വിച്ഛേദിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ എത്രയും വേഗം വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവിന് ഇലക്ട്രിസിറ്റി കമ്പനി 500 റിയാല്‍ നഷ്ടപരിഹാരവും നല്‍കണം. ബില്‍ അടച്ച ശേഷം രണ്ടു മണിക്കൂറിനകം കണക്ഷന് പുനഃസ്ഥാപിക്കാതിരുന്നാല്‍ 100 റിയാല്‍ നഷ്ടപരിഹാരം നല്കാന് ഇലക്ട്രിസിറ്റി കമ്പനി ബാധ്യസ്ഥമാണ്. രണ്ടു മണിക്കൂറിനു ശേഷവും കണക്ഷന് വിച്ഛേദിക്കാന്‍ കാലതാമസം വരുത്തുന്ന പക്ഷം ഓരോ മണിക്കൂറിനും 100 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കണം. വൈദ്യുതി വിതരണം സ്തംഭിച്ച് സേവനം പുനഃസ്ഥാപിക്കാന്‍ ആറു മണിക്കൂറിലധികം സമയമെടുത്താല്‍ 200 റിയാല്‍ നഷ്ടപരിഹാരത്തിന് ഉപയോക്താവിന് അവകാശമുണ്ട്.
ഓട്ടോമാറ്റിക് ആയാണ് ഇലക്ട്രിസിറ്റി കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതിന് ഉയോക്താക്കള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. നഷ്ടപരിഹാരത്തുക പ്രതിമാസ വൈദ്യുതി ബില്ലില്‍ കുറച്ചോ പണമായോ ആണ് നല്‍കേണ്ടത്. നഷ്ടപരിഹാര വിതരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരം നല്കാന് കമ്പനി വിസമ്മതിക്കുന്ന പക്ഷം ഉപയോക്താക്കള്‍ക്ക് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നല്‍കാവുന്നതാണ്.
സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാല്‍ സേവനം നല്കുന്നതില് കമ്പനി പരാജയപ്പെടുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ന്യായീകരണങ്ങളും അറിയിച്ചുള്ള പ്രത്യേക അപേക്ഷ സേവന ദാതാവായ ഇലക്ട്രിസിറ്റി കമ്പനി അതോറിറ്റിക്ക് നല്‍കണം. അതോറിറ്റി അപേക്ഷ പരിശോധിച്ച് സേവന വിതരണം മുടങ്ങാന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാണ് ഇടയാക്കിയതെന്ന് ബോധ്യപ്പെട്ടാല്‍ ഗൈഡിലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നഷ്ടപരിഹാര വിതരണത്തില്‍ നിന്നും മറ്റു ബാധ്യതകളില്‍ നിന്നും കമ്പനിയെ ഒഴിവാക്കും.