റിയാദ്-ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണവും ഉപരോധവും അവസാനിപ്പിക്കാന്‍ ഇന്ത്യയും ഇടപെടണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യ.
വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനിക നടപടി മൂലം ദുരിതത്തിലായ സിവിലിയന്മാരുടെ പ്രശ്‌നങ്ങളും ഗാസക്കാരെ കൂട്ടപ്പലായനത്തിന് നിര്‍ബന്ധിക്കുന്ന ഇസ്രായില്‍ നടപടിയും ഇരുവരും ചര്‍ച്ച ചെയ്തു.
ഗാസക്കുമേലുള്ള ഇസ്രായിലിന്റെ ഉപരോധം എത്രയും വേഗം അവസാനിപ്പിക്കണം. ഭക്ഷണവും ദുരിതാശ്വാസ സഹായങ്ങളും എത്തിക്കുന്നതടക്കമുള്ള അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളും വ്യവസ്ഥകളും ഇസ്രായില്‍ പാലിക്കേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുകയും മേഖലക്കും ലോകത്തിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന വിധത്തില്‍ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.
ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേര, നോര്‍വെ വിദേശകാര്യമന്ത്രി അനെകിന്‍ ഹ്യൂറ്റ്‌ഫെല്‍ഡ്, സ്വീഡന്‍ വിദേശകാര്യമന്ത്രി തോബിയാസ് ബില്‍സ്‌ട്രോം, യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ സമിതി പ്രതിനിധി ജോസഫ് ബോറെല്‍ എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.