അബഹ : സൗദി അറേബ്യയിലെ പ്രധാന തിലകക്കുറികളിൽ ഒന്നെന്നോണം അബഹയിൽ അത്യാധുനിക രൂപകൽപനയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നു. പുതിയ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. അസീർ മേഖലയുടെ പൈതൃകവുമായി പൊരുത്തപ്പെടുന്ന വാസ്തുവിദ്യാ ഐഡന്റിറ്റിയോടെയാണ് പുതിയ വിമാനത്താവളം നിർമിക്കുക.
പുതിയ എയർപോർട്ടിന്റെ ടെർമിനലിന് 65,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. നിലവിലെ അബഹ വിമാനത്താവള ടെർമിനലിന് 10,500 ചതുരശ്രമീറ്റർ വിസ്തൃതിയാണുള്ളത്. പുതിയ വിമാനത്താവളത്തിൽ എയറോബ്രിഡ്ജുകളും യാത്രാ നടപടികൾ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കാൻ യാത്രക്കാർക്ക് അവസരമൊക്കുന്ന സെൽഫ് സർവീസ് ഉപകരണങ്ങളും കൗണ്ടറുകളും നിരവധി വാഹനങ്ങൾ നിർത്തിയിടാൻ ശേഷിയുള്ള പാർക്കിംഗുകളും മറ്റു സൗകര്യങ്ങളുമുണ്ടാകും. എയർപോർട്ട് പദ്ധതിയുടെ ആദ്യ ഘട്ടം 2028 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനാൽ കാലക്രമേണ പഴക്കം തോന്നാത്ത വാസ്തുവിദ്യാ രൂപകൽപന പുതിയ വിമാനത്താവളത്തിന്റെ സവിശേഷതയാകും. ഉയർന്ന കാര്യക്ഷമതയോടെ വ്യതിരിക്തമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന നിലക്ക് സന്ദർശകർക്കും യാത്രക്കാർക്കും സുസ്ഥിരമായ സേവനങ്ങൾ നൽകാൻ സഹായിക്കും വിധം പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്‌കാരത്തെ അനുകരിക്കുന്നതുമായ ഒരു ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുസ്ഥിരമായ പാരിസ്ഥിതിക രൂപകൽപനകൾ വിമാനത്താവളത്തിൽ ഉപയോഗിക്കും. പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. നിലവിലെ എയർപോർട്ടിന്റെ പ്രതിവർഷ ശേഷി 15 ലക്ഷം യാത്രക്കാരാണ്. നിലവിലെതിന്റെ പത്തിരട്ടിയോളം ശേഷിയിലാണ് പുതിയ എയർപോർട്ട് നിർമിക്കുന്നത്. പ്രതിവർഷം 90,000 ലേറെ വിമാന സർവീസുകൾ നടത്താൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. പരമാവധി 30,000 സർവീസുകൾ വർഷത്തിൽ നടത്താനാണ് നിലവിലെ അബഹ എയർപോർട്ടിന് ശേഷിയുള്ളത്.
പുതിയ എയർപോർട്ടിൽ 20 ഗെയ്റ്റുകളും യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 41 കൗണ്ടറുകളും ഏഴു സെൽഫ് സർവീസ് പ്ലാറ്റ്‌ഫോമുകളുമുണ്ടാകും. ആഗോള തലത്തിൽ ആകർഷകമായ ഡെസ്റ്റിനേഷൻ എന്ന നിലയിൽ അസീർ പ്രവിശ്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ പുതിയ വിമാനത്താവളം സഹായിക്കും.
ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാനും വ്യോമയാന മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും രാജ്യാന്തര വ്യോമയാന കേന്ദ്രവും ആഗോള ലോജിസ്റ്റിക് കേന്ദ്രവുമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് കിരീടാവകാശി സമാരംഭം കുറിച്ച ഒരുകൂട്ടം പദ്ധതികളുടെ തുടർച്ചയെന്നോണമാണ് പുതിയ അബഹ എയർപോർട്ട് മാസ്റ്റർ പ്ലാൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കിയതെന്ന് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.