റിയാദ് : ചെങ്കടലിലെ ദ്വീപുകള്‍ക്കിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യാന്‍ ഇന്റര്‍നാഷണല്‍ റെഡ്‌സീ കമ്പനി സീ പ്ലെയിന്‍ ഏര്‍പ്പെടുത്തുന്നു. ഫ്‌ളൈ റെഡ് സീ എന്ന കമ്പനിയാണ് സൗദിയിലെ ആദ്യത്തെ ഈ സീ പ്ലെയിന്‍ രംഗത്തിറക്കുന്നത്.
സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ട്, നുജൂമ റിസോര്‍ട്ട്, റിറ്റ്‌സ്‌കാള്‍ട്ടണ്‍ റിസര്‍വ് എന്നിവയുള്‍പ്പെടെ ചെങ്കടല്‍ പ്രദേശത്തെ ചിതറിക്കിടക്കുന്ന ദീപ് റിസോര്‍ട്ടുകളിലേക്ക് സന്ദര്‍ശകര്‍ക്ക് യാത്ര ചെയ്യുന്നതിനാണ് ഈ സീപ്ലെയിനുകള്‍ ഉപയോഗിക്കുക. വ്യോമയാന മേഖലയില്‍ വിദഗ്ധരായ ഒരു ടീം ആണ് സീപ്ലെയിനുകള്‍ നിയന്ത്രിക്കുന്നത്. സെസ്‌ന കാരവന്‍ 208 ഇനത്തില്‍ പെട്ട നാലു പ്ലെയിനുകള്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും. 2028 ല്‍ ഒമ്പത് പ്ലെയിനുകളും 2030ല്‍ 20 പ്ലെയിനുകളും സര്‍വീസ് നടത്തും. റെഡ്‌സീ ഇന്റര്‍നാഷണല്‍ വിമാനത്താവളം ആയിരിക്കും ഫ്‌ളൈ റെഡ് സീ കമ്പനിയുടെ പ്രധാന താവളം. ഇവിടെ സീ പ്ലെയിനിന് പ്രത്യേക റണ്‍വെയും ഉണ്ടായിരിക്കും.
ഒരു പൈലറ്റും ആറു പേര്‍ക്കുമാണ് അവരുടെ ബാഗേജുകള്‍ സഹിതം ഈ ജല വിമാനത്തില്‍ യാത്ര ചെയ്യാനാകുക. റെഡ് സീയുടെ കാഴ്ചകള്‍ കാണാന്‍ ഒമ്പത് പേര്‍ക്ക് വരെ ഈ പ്ലെയിനില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. സീ പ്ലെയിന്‍ പൈലറ്റിനും എഞ്ചിനീയര്‍മാക്കും ആദ്യമായി സൗദിയില്‍ ലൈസന്‍സ് അനുവദിച്ചു.