ജിദ്ദ – ഗൾഫ്, ഇറാഖ് വൈദ്യുതി വിപണികളെ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റി വെളിപ്പെടുത്തി. കിഴക്കൻ പ്രവിശ്യ ഗവർണർ സൗദ് ബിൻ നായിഫ് രാജകുമാരനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. ആറ് ഗൾഫ് രാജ്യങ്ങളും ഇറാഖും തമ്മിൽ വൈദ്യുതി വ്യാപാരത്തിനും കൈമാറ്റത്തിനുമുള്ള ചക്രവാളങ്ങൾ പുതിയ പ്ലാറ്റ്‌ഫോം തുറക്കുന്നതായി ജി.സി.സി ഇന്റർകണക്ഷൻ അതോറിറ്റി സി.ഇ.ഒ അഹ്മദ് അൽഇബ്രാഹിം പറഞ്ഞു. ഗൾഫ് രാജ്യങ്ങളും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി, ബഹുമുഖ ഇടപാടുകൾ നടത്താനും അംഗ രാജ്യങ്ങൾക്കിടയിൽ വൈദ്യുതി കൈമാറ്റത്തിന് ആവശ്യമായ ലൈനുകൾ റിസർവ് ചെയ്യാനും ഗൾഫ് രാജ്യങ്ങളെ പ്ലാറ്റ്‌ഫോം പ്രാപ്തമാക്കും. സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര മേഖലകൾ സുഗമവും ഫലപ്രദവുമായ രീതിയിൽ പ്ലാറ്റ്‌ഫോം തുറക്കുന്നു.
ജി.സി.സി രാജ്യങ്ങളുമായി കൂട്ടായോ വെവ്വേറെയോ ഒറ്റക്കോ വൈദ്യുതി കൈമാറ്റം ചെയ്യാനും വ്യാപാരം നടത്താനും പ്ലാറ്റ്‌ഫോം ഇറാഖിനെ പ്രാപ്തമാക്കും. ഇറാഖും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വൈദ്യുതി കൈമാറ്റത്തിനും വ്യാപാരത്തിനും ഇത് വിശാലമായ വഴക്കം നൽകും. വൈദ്യുതി വിപണി നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനമായി ഈ പദ്ധതി പ്രവർത്തിക്കും. വിപണി വികസനത്തോട് ശരിയായി പ്രതികരിക്കുന്നതിന്, പുതിയ വൈദ്യുതി വിപണി നിയന്ത്രണ ഘട്ടത്തിന് അനുസൃതമായി നിലവിലെ സംവിധാനത്തിന് പകരം അതോറിറ്റി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും അഹ്മദ് അൽഇബ്രാഹിം പറഞ്ഞു.