ജിദ്ദ:മഴയോടനുബന്ധിച്ച് ജിദ്ദ നഗരം നേരിടുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന്റെ ഭാഗമായി മഴവെള്ളം തിരിച്ചുവിടുന്നതു സംബന്ധിച്ച പഠന ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച സ്ഥിരം സമിതി യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. നിലവിൽ നഗരത്തിലുള്ള മഴവെള്ള പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും കനാലുകളും പൈപ്പ് ലൈനുകളും വൃത്തിയാക്കുകയും മെയിന്റനൻസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടിപ്പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പമ്പുകളുടെയും ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പു വരുത്തുകയും അടിയന്തര സാഹചര്യങ്ങളിൽ ദ്രുതകർമ സേനയും മഴ പ്രതിരോധ സേനാംഗങ്ങളും നിലയുറപ്പിക്കേണ്ട സ്ഥലങ്ങൾ നിശ്ചയിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണവും സംയുക്ത പ്രവർത്തനവും ഉറപ്പു വരുത്തുന്നതിനായി തെരെഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മോക് ഡ്രിൽ നടത്തുകയും ചെയ്ത് പരിപൂർണ തയാറെടുപ്പിലാണ് സംവിധാനങ്ങളുള്ളതെന്നും സമിതി വിലയിരുത്തി