തുര്‍ക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ തുര്‍ക്കി ആരോഗ്യ മന്ത്രാലയത്തിന് ആധുനിക രീതിയില്‍ സജ്ജീകരിച്ച 20 ആംബുലന്‍സുകള്‍ കൈമാറി. തുര്‍ക്കിയിലെ സൗദി അംബാസഡര്‍ ഫഹദ് ബിന്‍ അസ്അദ് അബുന്നസ്‌റും കിംഗ് സല്‍മാന്‍ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ പ്രതിനിധി ഖലഫ് അല്‍ഉതൈബിയും തുര്‍ക്കിയിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഡോ. ശുഐബ് ബിരിന്‍ജിയും തുര്‍ക്കി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്റ്റേണല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ഡോ. സലാമി കിലിജും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
തുര്‍ക്കിയില്‍ ഭൂകമ്പബാധിതര്‍ക്ക് ഇതുവരെ നല്‍കിയ സഹായങ്ങള്‍ക്ക് സൗദി ഗവണ്‍മെന്റിന് തുര്‍ക്കി ഡെപ്യൂട്ടി ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു. ഭൂകമ്പത്തിനിരയായവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി സഹായങ്ങള്‍ ഉതകിയതായും ഡോ. ശുഐബ് ബിരിന്‍ജി പറഞ്ഞു.