ജിദ്ദ:സൗദിയിൽ സ്വകാര്യ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ ഏറ്റവും കൂടുതൽ സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചത് റിയാദ് പ്രവിശ്യയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ റിയാദ് പ്രവിശ്യയിൽ 52,954 സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സൗദിയിലാകെ പുതുതായി തൊഴിൽ ലഭിച്ച സ്വദേശികളിൽ 47.2 ശതമാനത്തിനും റിയാദിലാണ് ജോലി ലഭിച്ചത്. മൂന്നു മാസത്തിനിടെ റിയാദിൽ പ്രതിദിനം 588 സ്വദേശികൾക്ക് വീതം പുതുതായി തൊഴിൽ ലഭിച്ചു. രണ്ടാം പാദത്തിൽ സൗദിയിലാകെ 1,12,130 സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. പ്രതിദിനം ശരാശരി 1245 പേർക്ക് വീതം പുതുതായി തൊഴിൽ ലഭിച്ചു.
രണ്ടാം പാദത്തിൽ സൗദിയിലാകെ പുതുതായി തൊഴിൽ ലഭിച്ച സ്വദേശി വനിതകളിൽ പകുതി പേർക്കും ജോലി ലഭിച്ചത് റിയാദ് പ്രവിശ്യയിലാണ്. മൂന്നു മാസത്തിനിടെ റിയാദിൽ 24,735 സൗദി വനിതകൾക്ക് പുതുതായി തൊഴിൽ ലഭിച്ചു. പ്രതിദിനം ശരാശരി 274 സൗദി വനിതകൾക്കു വീതം രണ്ടാം പാദത്തിൽ റിയാദിൽ തൊഴിൽ ലഭിച്ചു. മൂന്നു മാസത്തിനിടെ സൗദിയിൽ പുതുതായി തൊഴിൽ ലഭിച്ച സ്വദേശി വനിതകളിൽ 49.3 ശതമാനത്തിനും റിയാദിലാണ് ജോലി ലഭിച്ചത്.
ഏറ്റവും കൂടുതൽ സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചതിൽ രണ്ടാം സ്ഥാനത്ത് മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയുമാണ്. പുതുതായി തൊഴിൽ ലഭിച്ചവരിൽ 18.1 ശതമാനം പേർക്ക് മക്ക പ്രവിശ്യയിലും 17 ശതമാനം പേർക്ക് കിഴക്കൻ പ്രവിശ്യയിലുമാണ് ജോലി ലഭിച്ചത്. മറ്റു പ്രവിശ്യകളിൽ 3.8 ശതമാനം മുതൽ 0.08 ശതമാനം പേർക്ക് വരെയാണ് ജോലി ലഭിച്ചത്.
രണ്ടാം പാദത്തിൽ പുതുതായി തൊഴിൽ ലഭിച്ച സ്വദേശികളിൽ 55.2 ശതമാനം പുരുഷന്മാരും 44.8 ശതമാനം പേർ വനിതകളുമാണ്. 61,957 പുരുഷന്മാർക്കും 50,173 വനിതകൾക്കും രണ്ടാം പാദത്തിൽ തൊഴിൽ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ തൊഴിൽ ലഭിച്ചവരിൽ 62.2 ശതമാനം പുരുഷന്മാരും 37.8 ശതമാനം വനിതകളുമാണ്.
ഉത്തര അതിർത്തി പ്രവിശ്യയിൽ പുതുതായി തൊഴിൽ ലഭിച്ച സ്വദേശികളിൽ 50.3 ശതമാനവും നജ്‌റാനിൽ 51.9 ശതമാനവും വനിതകളാണ്. രണ്ടാം പാദത്തിൽ ഏറ്റവും കുറവ് സ്വദേശികൾക്ക് തൊഴിൽ ലഭിച്ചത് അൽബാഹയിലും ഉത്തര അതിർത്തി പ്രവിശ്യയിലുമാണ്. അൽബാഹയിൽ 563 പേർക്കും ഉത്തര അതിർത്തി പ്രവിശ്യയിൽ 515 പേർക്കും മാത്രമാണ് മൂന്നു മാസത്തിനിടെ തൊഴിൽ ലഭിച്ചത്.
രണ്ടാം പാദത്തിൽ മക്ക പ്രവിശ്യയിൽ 10,907 പുരുഷന്മാരും 9389 വനിതകളും അടക്കം ആകെ 20,296 പേർക്കും കിഴക്കൻ പ്രവിശ്യയിൽ 11,827 പുരുഷന്മാരും 7194 വനിതകളും അടക്കം 19,021 പേർക്കും മദീനയിൽ 2431 പുരുഷന്മാരും 1834 വനിതകളും അടക്കം 4265 പേർക്കും അൽഖസീമിൽ 2235 പുരുഷന്മാരും 1772 വനിതകളും അടക്കം 4007 പേർക്കും അസീറിൽ 1880 പുരുഷന്മാരും 1516 വനിതകളും അടക്കം 3396 പേർക്കും തബൂക്കിൽ 669 പുരുഷന്മാരും 609 വനിതകളും അടക്കം 1278 പേർക്കും ഹായിലിൽ 882 പുരുഷന്മാരും 762 വനിതകളും അടക്കം 1644 പേർക്കും ഉത്തര അതിർത്തി പ്രവിശ്യയിൽ 256 പുരുഷന്മാരും 259 വനിതകളും അടക്കം 515 പേർക്കും ജിസാനിൽ 1175 പുരുഷന്മാരും 921 വനിതകളും അടക്കം 2096 പേർക്കും നജ്‌റാനിൽ 640 പുരുഷന്മാരും 691 വനിതകളും അടക്കം 1331 പേർക്കും അൽബാഹയിൽ 354 പുരുഷന്മാരും 209 വനിതകളും അടക്കം 563 പേർക്കും അൽജൗഫിൽ 482 പുരുഷന്മാരും 282 വനിതകളും അടക്കം 764 പേർക്കും രണ്ടാം പാദത്തിൽ പുതുതായി തൊഴിൽ ലഭിച്ചു.