റിയാദ്- റിയാദ് പ്രവിശ്യയില്‍ പൊതുപരിപാടി സംഘടിപ്പിച്ച കേസില്‍ 14 മലയാളികളെ പോലീസ് പിടികൂടി. സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പ്രത്യേക പോലീസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയില്‍ പെട്ട സ്ഥലത്താണ് സംഭവം.
പ്രവാസികൾക്ക് ആവശ്യമുള്ള വാർത്തകൾ ലഭിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DHd9NmUGLkIH1urK5kiovQ
നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുമ്പ് പരിപാടി സംഘടിപ്പിച്ച ഇസ്തിറാഹയില്‍ പോലീസ് പ്രവേശിച്ച് അവിടെയുണ്ടായിരുന്ന 14 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിപാടി സംഘടിപ്പിക്കാനുള്ള അനുമതി പത്രം പോലീസ് ചോദിച്ചിരുന്നു. ഇവിടെ ബാനറുകളും കൊടിയും നാട്ടിയിരുന്നു. ഇതാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ കാരണമായത്.
അതേസമയം സൗദി അറേബ്യയില്‍ അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കി. പൊതുപരിപാരികള്‍ നടത്താന്‍ നഗരസഭയുടെയും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും അനുമതിപത്രം ആവശ്യമുണ്ടായിട്ടും അതില്ലാതെ പരിപാടികള്‍ നടക്കുന്നുണ്ടെന്നും നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ രഹസ്യ സര്‍ക്കുലര്‍ കഴിഞ്ഞാഴ്ച എല്ലാ നഗരസഭകള്‍ക്കും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണം ശകതമാക്കിയിട്ടുണ്ട്. റിയാദില്‍ കഴിഞ്ഞാഴ്ചയും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇത് രണ്ടാമത്തെ കേസാണ്. നഗരസഭകളിലെ പൊതുസമ്പര്‍ക്ക വകുപ്പിനാണ് ഇത്തരം പരിപാടികള്‍ നിരീക്ഷിക്കാനുള്ള ചുമതല.
ലൈവ് പരിപാടികള്‍, ഫെസ്റ്റിവലുകള്‍, വിനോദ പ്രദര്‍ശനങ്ങള്‍, നാടക പ്രകടനം, വിനോദ പരിപാടികള്‍ തുടങ്ങി പൊതുജനങ്ങളോ പ്രത്യേക ക്ഷണിതാക്കളോ പ്രത്യേക സ്ഥലത്ത് പ്രത്യേക സമയത്ത് നടത്തുന്ന പരിപാടികള്‍ക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്. വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ലൈസന്‍സ് എടുക്കേണ്ടത്. സ്ഥാപന ഉടമയോ പ്രതിനിധിയോ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമയുടെ അനുമതിപത്രത്തോടെയാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.
ഏതൊരു പ്രോഗ്രാമിന്റെയും 60 ദിവസം മുമ്പ് ലൈസന്‍സിന് അപേക്ഷിക്കണം. പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെയടക്കം മൊത്തം വിവരണങ്ങള്‍ അതോടൊപ്പം സമര്‍പ്പിക്കണം. സൗദി അറേബ്യയുടെ മൂല്യങ്ങളെയും സംസ്‌കാരത്തെയും ലംഘിക്കുന്ന ഒന്നും ഉള്‍പ്പെടുന്നില്ലെന്ന് അപേക്ഷകന്‍ സത്യവാങ്മൂലം നല്‍കണം തുടങ്ങിയവയാണ് അനുമതി തേടിയുള്ള അപേക്ഷയില്‍ ഉണ്ടായിരിക്കേണ്ടതെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.