മക്ക – മക്കയിലും പുണ്യസ്ഥലങ്ങളിലും വിനോദ സഞ്ചാരികളുടെ യാത്രക്ക് വർഷം മുഴുവൻ മശാഇർ മെട്രോയും ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾക്കു കീഴിലെ ബസുകളും പ്രയോജനപ്പെടുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം നിർദേശിച്ചു. ഇതിലൂടെ പ്രതിവർഷം കോടിക്കണക്കിന് റിയാലിന്റെ വരുമാനം ലഭിക്കും. ഹജിനിടെ എണ്ണപ്പെട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനു പകരം വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉംറ സീസണിൽ മശാഇർ മെട്രോ പ്രവർത്തിപ്പിക്കണം. ഇതിലൂടെ 2,640 സൗദി യുവതീയുവാക്കൾക്ക് സ്ഥിരം തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയിലെ ബിസിനസ് മാനേജ്‌മെന്റ് കോളേജിലെ ടൂറിസം, ഹോട്ടൽ വിഭാഗത്തിന്റെ പിന്തുണയോടെ നടത്തിയ പഠനം പറഞ്ഞു. നിലവിൽ മശാഇർ മെട്രോയിൽ സീസൺ തൊഴിലുകളാണ് സ്വദേശികൾക്ക് ലഭിക്കുന്നത്.
മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ചരിത്ര കേന്ദ്രങ്ങൾ, മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങൾ, മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഹറമിന്റെ മുറ്റത്ത് നിന്ന് ദിവസേന ടൂറുകൾ സംഘടിപ്പിക്കണം. ഇതിന് ആപ്പുകളും ഇ-പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാവുന്നതാണ്. ഹജ്, ഉംറ സീസണുകളിൽ തീർഥാടകർ അടക്കമുള്ളവരെ ലക്ഷ്യമിട്ട് നടത്തുന്ന ടൂറുകളിലൂടെ ടൂറിസം കമ്പനികൾക്ക് കോടിക്കണക്കിന് റിയാൽ വരുമാനം ലഭിക്കുമെന്ന് പഠനം നടത്തിയ ടൂർ ഗൈഡും യൂനിയൻ ഓഫ് അറബ് ടൂറിസം എക്‌സ്‌പേർട്ട്‌സ് സ്ഥാപകാംഗവും ഉപദേഷ്ടാവുമായ ഫൈസൽ അബ്ബാസ് ഖലീഫ പറഞ്ഞു.
ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിലൂടെ ടൂർ ഗൈഡ് മേഖലയിൽ സ്വദേശികൾക്ക് 600 തൊഴിലവസരങ്ങൾ ലഭിക്കും. ഇവർക്ക് 500 റിയാലിൽ കുറയാത്ത ദിവസ വരുമാനം ലഭിക്കും. കൂടാതെ ടൂറുകൾക്ക് ഉപയോഗിക്കുന്ന ബസുകളിൽ സ്റ്റ്യുവാർഡ് തസ്തികയിൽ 600 ഓളം പേർക്കും തൊഴിലവസരങ്ങൾ ലഭിക്കും. ടൂറുകൾക്ക് മശാഇർ മെട്രോ ഉപയോഗപ്പെടുത്തുന്നത് മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളിൽ ടൂറിസ്റ്റ് ബസാറുകൾ പോലെ 40 ലേറെ വീതം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനും സാധിക്കും. ഈ സ്ഥാപനങ്ങളിലും സൗദി യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
ടൂറിസ്റ്റുകൾക്ക് ആവശ്യമായ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുക വഴി കാറ്ററിംഗ് വിപണിക്കും പദ്ധതി ഗുണം ചെയ്യും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ഗതാഗതം, കാറ്ററിംഗ്, ടൂർ ഓപ്പറേറ്റിംഗ് അടക്കം നിരവധി മേഖലകൾക്ക് പ്രയോജനം ചെയ്യുമെന്നും ഫൈസൽ അബ്ബാസ് ഖലീഫ പറഞ്ഞു.