റിയാദ്:വിദേശ രാജ്യങ്ങളില്‍നിന്ന് സൗദിയിലേക്കെത്തുന്ന സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ രാജ്യത്തേക്കു കൊണ്ടുവരുന്ന ലഗേജുകളിലെ വ്യക്തിഗത സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവക്ക് കസ്റ്റംസ് തീരുവയില്‍ ഇളവ് ലഭിക്കാന്‍ യാത്രക്കാര്‍ പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ സൗദി ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി വ്യക്തമാക്കി.
സൗദിയിലേക്കു കൊണ്ടുവരുന്ന ഉപകരണങ്ങളും സാധനങ്ങളും തികച്ചും വ്യക്തിഗത ഉപയോഗത്തിനുള്ളതും രാജ്യത്തേക്കു കൊണ്ടു വരുന്നതിനു വിലക്കുള്ളതായിരിക്കാന്‍ പാടില്ലാത്തതുമാണെന്നതാണ് ആദ്യ നിര്‍ദേശം.
സൗദിയിലേക്ക് ആദ്യമായി എത്തുന്ന വിദേശ പൗരന്മാരോ ആറുമാസത്തിലധികം സൗദിക്കു പുറത്തു താമസിച്ചു തിരിച്ചു വരുന്ന സൗദി പൗരന്മാരോ സൗദിയില്‍ താമസ വിസയുള്ളവരോ ആയവര്‍ക്കാണ് കസ്റ്റംസ് തീരുവയില്‍ ഇളവ് ലഭിക്കുക.
സൗദിയിലെത്തി പരമാവധി ആറുമാസത്തിനുള്ളിലായിരിക്കണം ഉപകരണങ്ങളും സാധനങ്ങളും സൗദിയിലെത്തേണ്ടത്. ഉപയോഗ വസ്തുക്കള്‍ക്കു പുറമെ അവയെത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്ന ട്രാന്‍സ്‌പോര്‍ട്ടേഷനോ കണ്ടെയ്‌നറുകള്‍ക്കോ നികുതിയിളവ് ബാധകമായിരിക്കില്ല.
അയ്യായിരം റിയാലില്‍ താഴെ വിലയുള്ള വ്യാപാരാവശ്യത്തിനുള്ള സാമ്പിള്‍ ഉല്‍പന്നങ്ങള്‍ ആദ്യ തവണ മാത്രം നികുതി പരിധിയില്‍നിന്ന് ഒഴിവാക്കുമെന്നും ഇവയുടെ നികുതിയിളവിനു വേണ്ടി നിര്‍മ്മാതാക്കളോ അവരുടെ പ്രതിനിധികളോ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കണമെന്നും സൗദി ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി സര്‍വ്വേ പോര്‍ട്ടലില്‍ അപ് ലാഡ് ചെയ്ത അറിയിപ്പില്‍ പറയുന്നു.