റിയാദ്:ആഡംബര പര്‍വത ടൂറിസത്തിന്റെ പുതിയ മുഖം അവതരിപ്പിക്കുന്നതിനായി സൗദയിലെ പര്‍വതമേഖലയില്‍ പുതിയ പദ്ധതി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു.
സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,015 മീറ്റര്‍ ഉയരത്തില്‍ ഒരു ആഡംബര പര്‍വത വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നതാണ് സൗദ പീക്ക്സ് എന്ന പദ്ധതി. സൗദ മേഖലയിലും റിജാല്‍ അല്‍മയുടെ ചില ഭാഗങ്ങളിലുമായാണ് ഇത് നടപ്പാക്കുക.
തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയില്‍ പ്രകൃതിദത്തവും സാംസ്കാരികവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി, ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങിയ സുപ്രധാന വ്യവസായങ്ങള്‍ വിപുലീകരിച്ച് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാകും. ഒപ്പം അസീര്‍ വികസന പദ്ധതിയെ ഇത് പിന്തുണക്കുകയും ചെയ്യും.
പരിസ്ഥിതി, സാംസ്കാരിക-പൈതൃക സമൃദ്ധി എന്നിവ സംരക്ഷിച്ചുകൊണ്ട് അഭൂതപൂര്‍വമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്നതിലൂടെ സൗദാ കൊടുമുടികള്‍ ലക്ഷ്വറി മൗണ്ടന്‍ ടൂറിസത്തിന്റെ ഒരു പുതിയ യുഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് സൗദ ഡെവലപ്മെന്റ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് കൂടിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
വിനോദസഞ്ചാരവും വിനോദവും വിപുലീകരിക്കുക, സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുക, നിക്ഷേപം ആകര്‍ഷിക്കുക, രാജ്യത്തിന്റെ മൊത്തം ജിഡിപിയിലേക്ക് 29 ബില്യണിലധികം റിയാല്‍ സംഭാവന ചെയ്യുക, പ്രത്യക്ഷവും പരോക്ഷവുമായ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇത് യോജിപ്പിച്ചിരിക്കുന്നു.
രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും ഉയര്‍ത്തിക്കാട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നതോടൊപ്പം സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലക്ക് സൗദ കൊടുമുടി ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്നും ആഗോള ടൂറിസം ഭൂപടത്തില്‍ രാജ്യത്തെ സ്ഥാപിക്കുമെന്നും കിരീടാവകാശി പറഞ്ഞു. സന്ദര്‍ശകര്‍ക്ക് സൗദാ കൊടുമുടികളുടെ സൗന്ദര്യം കണ്ടെത്താനും അതിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും പര്യവേക്ഷണം ചെയ്യാനും പ്രാദേശിക സമൂഹത്തിന്റെ ആധികാരിക ആതിഥ്യമര്യാദ അനുഭവിക്കാനും അവസരമുണ്ട്. സമൃദ്ധമായ പച്ചപ്പിന് ഇടയില്‍, മേഘങ്ങള്‍ക്ക് മുകളില്‍ സൗദാ കൊടുമുടി അവിസ്മരണീയ അനുഭവം നല്‍കും.
2033 ഓടെ വര്‍ഷം മുഴുവനും രണ്ട് ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആഡംബര, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കാനാണ് സൗദ പീക്ക്സ് ലക്ഷ്യമിടുന്നത്. പ്രാദേശിക പരമ്പരാഗതവും വാസ്തുവിദ്യാ ശൈലികളും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് മാസ്റ്റര്‍പ്ലാന്‍ രൂപകല്‍പ്പന.
തഹ്ലാല്, സാഹബ്, സബ്റഹ്, ജരീന്‍, റിജാല്‍, റെഡ് റോക്ക് എന്നിങ്ങനെ ആറ് അതുല്യമായ വികസന മേഖലകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഓരോന്നും ഹോട്ടലുകള്‍, ആഡംബര പര്‍വത റിസോര്‍ട്ടുകള്‍, റെസിഡന്‍ഷ്യല്‍ ചാലറ്റുകള്‍, വില്ലകള്‍, പ്രീമിയം മാന്ഷന് സൈറ്റുകള്‍, വിനോദ, വാണിജ്യ ആകര്ഷണങ്ങള്, കൂടാതെ സ്പോര്‍ട്സ്, സാഹസികത, ആരോഗ്യം, സംസ്കാരം എന്നിവയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഔട്ട്ഡോര്‍ ആകര്ഷണങ്ങള് ഉള്‍പ്പെടെ ലോകോത്തര സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യും.