ദോഹ:ടൂറിസം പ്രമോഷൻ കാമ്പയിനുകളും അന്താരാഷ്ട്ര പ്രധാനമായ ഇവന്റുകളുടെ നൈരന്തര്യവും ഖത്തറിനെ കൂടുതൽ ശ്രദ്ധേയമാക്കുമ്പോൾ ഖത്തറിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ശക്തമായ തിരിച്ചുവരവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഹോട്ടലുകളിലെ താമസ നിരക്കും കുതിച്ചുയരുന്നുവെന്നാണ്
അറിയുന്നത്.
ആസൂത്രണ, സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഖത്തറിലെ എല്ലാ തരം ഹോട്ടലുകളിലും വിശിഷ്യ രണ്ട്, ഒന്ന് നക്ഷത്ര ഹോട്ടലുകളിൽ ഈ വർഷം ജൂലൈയിൽ ഏറ്റവും ഉയർന്ന താമസ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്ന്, രണ്ട്, സ്റ്റാർ ഹോട്ടലുകളിലെ താമസ നിരക്ക് ജൂലൈയിൽ 90 ശതമാനമായി ഉയർന്നത് സാധാരണക്കാരായ ഹോട്ടൽ സന്ദർശകരുടെയും അതിഥികളുടെയും വർധനവാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ ചലനങ്ങളുടെ എണ്ണത്തിലും ഖത്തറിൽ വലിയ വർധനവാണെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറിലെ ഹോട്ടൽ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ എന്നിവയിൽ 2023 ജൂലൈയിൽ മൊത്തത്തിലുള്ള ഒക്യുപ്പൻസി നിരക്ക് 52 ശതമാനമായി ഉയർന്ന പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഫൈവ് സ്റ്റാർ മുതൽ ടു, വൺ സ്റ്റാർ വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഹോട്ടലുകൾ ഒക്യുപ്പൻസി നിരക്കിലും ലഭ്യമായ വരുമാനത്തിലും വർധനവ് രേഖപ്പെടുത്തി.
2023 ജൂലൈയിൽ ത്രീ സ്റ്റാർ ഹോട്ടലുകളിലെ താമസ നിരക്ക് 71 ശതമാനമായി ഉയർന്നു. അതുപോലെ, ഈ വർഷം ജൂലൈയിൽ ഫോർ സ്റ്റാർ ഹോട്ടലുകളുടെ ഒക്യുപ്പൻസി നിരക്ക് 50 ശതമാനമായിരുന്നു. പഞ്ചനക്ഷത്രങ്ങളുടെ കാര്യത്തിൽ, അവലോകന കാലയളവിൽ ഹോട്ടലുകളുടെ താമസ നിരക്ക് 46 ശതമാനമായിരുന്നു.
ഈ വർഷം ജൂലൈയിലെ ഡീലക്സ് ഹോട്ടൽ അപ്പാർട്ടുമെന്റുകളുടെയും സ്റ്റാൻഡേർഡ് ഹോട്ടൽ അപ്പാർട്ടുമെന്റുകളുടെയും താമസ നിരക്ക് യഥാക്രമം 77 ശതമാനവും 57 ശതമാനവുമാണ്.
ഖത്തറിന്റെ അറബ് ടൂറിസം ക്യാപിറ്റൽ പദവിയും ഖത്തർ ടൂറിസത്തിന്റെ നൂതനങ്ങളായ ഇവന്റുകളും സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ-ഖത്തർ, ഫോർമുല-1, എക്സ്പോ-2023 തുടങ്ങി സവിശേഷമായ പല ഇവന്റുകളും ഈ വർഷം നടക്കാനിരിക്കുകയാണ്.
ഖത്തറിൽ നിലവിലുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾക്ക് പുറമേ 3000 ഹോട്ടൽ താക്കോലുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ ഹോസ്പിറ്റാലിറ്റി മേഖല രാജ്യത്ത് മറ്റൊരു ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് വാലുസ്ട്രാറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.