ദോഹ- വ്യോമയാന വ്യവസായത്തിൽ ഖത്തർ ഗണ്യമായ കുതിപ്പ് തുടരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഖത്തറിലേക്കൊഴുകുന്ന ജനങ്ങളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിമാന യാത്രക്കാരുടെ എണ്ണത്തിൽ 28.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
വർധനവ് കഴിഞ്ഞ മാസവും ഉയർന്നതോടെ എയർ ട്രാൻസ്‌പോർട്ട് സ്റ്റാറ്റിസ്റ്റിക്‌സ് 4.4 മില്യണിനടുത്ത് യാത്രക്കാർ എന്ന എക്കാലത്തെയും റെക്കോർഡിലെത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തി. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് രാജ്യത്ത് വിമാനങ്ങളുടെ ചലനത്തിൽ 22 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച്, രാജ്യം കഴിഞ്ഞ മാസം 22,909 ഫ്ളൈറ്റ് ചലനങ്ങൾ രജിസ്റ്റർ ചെയ്തു. 2022 ഓഗസ്റ്റിൽ ഇത് 18,782 വിമാനങ്ങൾ ആയിരുന്നു. മറുവശത്ത്, എയർ കാർഗോയും മെയിലും മുൻവർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ 3.5 ശതമാനം വർധിച്ചു. 2022 ഓഗസ്റ്റിൽ എയർ കാർഗോയും മെയിലും 1,90,067 ടൺ രജിസ്റ്റർ ചെയ്തപ്പോൾ, കഴിഞ്ഞ മാസം 1,96,763 ടൺ ആയി ഉയർന്നു.
ഈ വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ വിമാന യാത്രക്കാർ, ഫ്ളൈറ്റ് ചലനങ്ങൾ, എയർ കാർഗോ, മെയിൽ എന്നിവയിലുടനീളം ദ്രുതഗതിയിലുള്ള വർധനവോടെ ഖത്തർ ഒരു പാത വളർച്ച രേഖപ്പെടുത്തി.
2023 ജൂലൈ മാസത്തിൽ വിമാന യാത്രക്കാരുടെ എണ്ണം 4.3 ദശലക്ഷമായി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 24.3 ശതമാനം വർധന കാണിക്കുന്നു. എന്നിരുന്നാലും, വിമാന യാത്രക്കാരുടെ എണ്ണം 2022 ജൂണിൽ 31,05,978 ൽ നിന്ന് 2023 ജൂണിൽ 37,37,572 ആയി ഉയർന്നു. ഇത് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും ദോഹ ഇന്റർനാഷണൽ എയർപോർട്ടിലും പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഈ മാസത്തെ എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി.
2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്, 2023 ജൂൺ മാസത്തിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ 20.3 ശതമാനം വർധനവുണ്ടായി. 2022 ജൂണിനെ അപേക്ഷിച്ച് ഈ മാസത്തിൽ വിമാനത്തിന്റെ ചലനങ്ങളിൽ 15.1 ശതമാനം വർധനയുണ്ടായി. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് 2023 മെയ്, ഏപ്രിൽ മാസങ്ങളിൽ യഥാക്രമം 16.6 ശതമാനവും, 14.3 ശതമാനവുമായി വിമാന ചലനങ്ങളിൽ സുപ്രധാന ഉത്തേജനം രേഖപ്പെടുത്തി.
രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി നടപ്പിലാക്കിയ നിരവധി സംരംഭങ്ങളോടൊപ്പം വിമാനങ്ങളുടെ സഞ്ചാരം, യാത്രക്കാരുടെ വിമാന ചരക്ക്, തപാൽ എന്നിവയിലും ആദ്യ മൂന്ന് മാസങ്ങളിൽ വൻ വർധനയുണ്ടായി. 2023 ഓഗസ്റ്റ് 25 വരെ, ഖത്തർ 2.56 ദശലക്ഷം സന്ദർശകരെ രജിസ്റ്റർ ചെയ്തു. അതേസമയം രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയ്ക്ക് സംഭാവന നൽകുന്നതിൽ വിനോദ വ്യവസായം വലിയ പങ്ക് വഹിക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.