ജിദ്ദ:തങ്ങൾ രജിസ്റ്റർ ചെയ്ത മരുന്നുകൾ പ്രാദേശിക വിപണിയിൽ ലഭ്യമാക്കാത്തതിനും മരുന്നുകളുടെ നീക്കത്തെ കുറിച്ച് ഇ-ട്രാക്കിംഗ് സംവിധാനം വഴി തൽക്ഷണം റിപ്പോർട്ട് ചെയ്യാത്തതിനും മരുന്നുകൾക്ക് ക്ഷാമം നേരിടാനോ വിതരണം മുടങ്ങാനോ ഉള്ള സാധ്യതയെ കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിനും 53 ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനങ്ങൾക്കെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കഴിഞ്ഞ മാസം ശിക്ഷാ നടപടികൾ സ്വീകരിച്ചു. മരുന്നുകളുടെ നീക്കത്തെ കുറിച്ച് ഇ-ട്രാക്കിംഗ് സംവിധാനം വഴി തൽക്ഷണം അറിയിക്കാത്തതിന് 39 സ്ഥാപനങ്ങൾക്കും തങ്ങൾ രജിസ്റ്റർ ചെയ്ത മരുന്നുകൾ പ്രാദേശിക വിപണിയിൽ ലഭ്യമാക്കാത്തതിന് ഏഴു സ്ഥാപനങ്ങൾക്കും തങ്ങൾ രജിസ്റ്റർ ചെയ്ത മരുന്നുകൾക്ക് ക്ഷാമം നേരിടാനോ അവയുടെ വിതരണം മുടങ്ങാനോ ഉള്ള സാധ്യതയെ കുറിച്ച് മുൻകൂട്ടി അറിയിക്കാത്തതിന് ഏഴു സ്ഥാപനങ്ങൾക്കും കഴിഞ്ഞ മാസം ആകെ 15 ലക്ഷം റിയാൽ പിഴ ചുമത്തി.
തങ്ങൾ രജിസ്റ്റർ ചെയ്ത മരുന്നുകളുടെ ആറു മാസത്തേക്ക് മതിയായ സ്റ്റോക്ക് മരുന്ന് ഫാക്ടറികളുടെയും മൊത്ത വിതരണ ഏജൻസികളുടെയും പക്കൽ സ്ഥിരമായി ഉണ്ടാകണമെന്ന് ഫാർമസ്യൂട്ടിക്കൽസ് നിയമം അനുശാസിക്കുന്നു. മരുന്ന് വിതരണം മുടങ്ങാനോ മരുന്നുകൾക്ക് ക്ഷാമം നേരിടാനോ സാധ്യതയുണ്ടെങ്കിൽ അതേ കുറിച്ച് ആറു മാസത്തിലധികം മുമ്പ് അതോറിറ്റിയെ അറിയിക്കലും ക്ഷാമം പരിഹരിക്കാൻ സഹായകമായ പോംവഴികൾ സമർപ്പിക്കലും നിർബന്ധമാണ്. ഫാർമസ്യൂട്ടിക്കൽസ് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്തും. നിയമ ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് സ്ഥാപനങ്ങൾ 180 ദിവസം വരെ അടപ്പിക്കാനും ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കാനും നിയമം അനുവദിക്കുന്നുണ്ട്.