ജിദ്ദ:ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ നിക്ഷേപങ്ങളിൽ 10.1 ശതമാനം വർധന രേഖപ്പെടുത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കൊല്ലം നാലാം പാദത്തിൽ വിദേശ നിക്ഷേപങ്ങളിൽ 9.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തിൽ ആഗോള തലത്തിൽ വിദേശ നിക്ഷേപങ്ങളിലെ വളർച്ച 34.7 ശതമാനം തോതിൽ കുറഞ്ഞിരുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 810 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് സൗദിയിലെത്തിയത്. വിഷൻ 2030 പദ്ധതിയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് സൗദി ഗവൺമെന്റ് ശ്രമിക്കുന്നത്. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 5.7 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം സൗദിയിൽ 2960 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യ 8.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നത് ശക്തമായ സാമ്പത്തിക വളർച്ചക്ക് സഹായിച്ചു. പത്തു വർഷത്തിനിടെ ആദ്യമായി സൗദി ബജറ്റിൽ മിച്ചം രേഖപ്പെടുത്താൻ ഇത് വഴിവെച്ചു.
ജിയോപൊളിറ്റിക്കൽ സംഘർഷങ്ങളുടെയും പലിശ നിരക്കുകൾ ഉയർന്നതിന്റെയും ഫലമായി സാമ്പത്തിക വളർച്ച മന്ദീഭവിച്ചത് ലോകത്ത് വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനെ ബാധിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ ലോകത്ത് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ 34.7 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. ഓർഗൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് രാജ്യങ്ങളിൽ വിദേശ നിക്ഷേപങ്ങൾ 37.6 ശതമാനവും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിൽ 91.7 ശതമാനം തോതിലും കുറഞ്ഞിട്ടുണ്ട്.