സൗദി അറേബ്യയിലേക്കുള്ള വ്യക്തിഗത സന്ദര്‍ശന വിസകള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ മുബൈയിലെ സൗദി കോണ്‍സുലേറ്റ് അത്തരം വിസകള്‍ സ്റ്റാമ്പിംഗ് ചെയ്യാതെ തിരിച്ചയക്കുന്നു. വിഎഫ്എസ് കേന്ദ്രങ്ങളില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈയിലേക്ക് അയക്കുന്ന വിസകളാണ് സ്റ്റാമ്പിംഗ് ചെയ്യാതെ തിരിച്ചയക്കുന്നത്. സൗദി പൗരന്മാരുടെ പേരില്‍ എടുക്കുന്ന സന്ദര്‍ശനവിസകള്‍ ഏജന്റുമാര്‍ കച്ചവടം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് വിസകള്‍ കൂട്ടത്തോടെ നിരസിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇങ്ങനെ നിരവധി പേരുടെ വിസകള്‍ മുംബൈ കോണ്‍സുലേറ്റ് മടക്കി അയച്ചു.
സൗദി പൗരന്മാര്ക്ക് വിദേശത്ത് നിന്നുള്ള സുഹൃത്തുക്കളെയും മറ്റും സന്ദര്‍ശന വിസയില്‍ കൊണ്ടുവരുന്നതിന് വിസ വ്യവസ്ഥകള്‍ സൗദി അറേബ്യ ലഘൂകരിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തിഗത വിസക്ക് സൗദി പൗരന്റെ പേരില്‍ അപേക്ഷ നല്കിയാല് തല്‍ക്ഷണം വിസ ലഭിക്കും. സാധാരണ സന്ദര്‍ശന വിസകളെ പോലെ സൗദി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ അറ്റസ്റ്റേഷന് പോലും ആവശ്യമില്ല. അതായത് പൂര്‍ണമായും സൗജന്യമാണ് ഈ വിസ. സൗദിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാണ് വിസ വ്യവസ്ഥകള്‍ സുതാര്യമാക്കിയത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ഏതെങ്കിലും വ്യക്തികളുടെ പേരില്‍ കൂടുതല്‍ വിസകള്‍ ഇഷ്യു ചെയ്ത് ബിസിനസ്വത്കരിച്ചതാണ് മടക്കി അയക്കാന്‍ കാരണമായി പറയുന്നത്. മുന്നൂറു മുതല്‍ എണ്ണൂറ് വരെ റിയാല്‍ നല്കിയാല് ഏജന്റുമാര്‍ സൗദികളുടെ പേരിലുള്ള വ്യക്തിഗത വിസകള്‍ തരപ്പെടുത്തിക്കൊടുക്കും. വിസ ഇഷ്യു ചെയ്യുന്ന വ്യക്തികളുടെ അറിവോടെയാണിത് നടക്കുന്നത്. കാരണം വിസ അപേക്ഷകര്‍ അവരുടെ നഫാദ് സംവിധാനം വഴി അപേക്ഷിച്ചാല്‍ മാത്രമേ വിസ ലഭിക്കുകയുള്ളൂ. ഇതിന്റെ പാസ്വേര്ഡും ഒടിപിയും അതത് വ്യക്തികളുടെ മൊബൈല്‍ നമ്പറുകളിലേക്കാണ് പോകുന്നത്. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ക്ക് വിസയുടമയായ സൗദി പൗരനെ അറിയില്ല. ഇത്തരം വിസയിലെത്തുന്നവരെ ഒളിച്ചോടിയതായി കാണിച്ച് ഹുറൂബ് ആക്കിയ പരാതികളും നേരത്തെ ഉയര്‍ന്നിരുന്നു.
ഒരാളുടെ പേരില്‍ വളരെ കുറഞ്ഞ എണ്ണം വിസകള്‍ മാത്രമാണ് ഇഷ്യു ചെയ്യന്നതെങ്കില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തടസ്സമില്ലെന്ന് റിയാദിലെ അല്‍റയാന്‍ ട്രാവല്‍സിലെ ഫസല്റഹ്മാന് മലയാളം ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും സൗദി പൗരന്റെ പേരില്‍ കൂടുതല്‍ വിസ അപേക്ഷകള്‍ വരുമ്പോള്‍ കോണ്‍സുലേറ്റ് സ്റ്റാമ്പ് ചെയ്യാതെ തിരിച്ചയക്കുകയാണ്. വിഎഫ്എസുകളില് പാസ്പോര്‍ട്ടടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ച് പണമടച്ച് മുംബൈയിലേക്ക് സ്റ്റാമ്പിംഗിന് അയക്കുന്ന വിസകളാണ് ഇത്തരത്തില്‍ നിരസിക്കപ്പെടുന്നതെന്നും ഏജന്റുമാരുടെ അടുത്ത് നിന്ന് ഇത്തരം വിസകള്‍ വാങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംശയാസ്പദ വ്യക്തിഗത വിസകളുമായി എത്തുന്നവരോട് വിഎഫ്എസ് ഉദ്യോഗസ്ഥരും ഇക്കാര്യം ഓര്‍മപ്പെടുത്തുന്നുണ്ട്. സ്റ്റാമ്പിംഗ് നിരസിച്ചാല്‍ അടച്ച പണത്തിന്റെ ചെറിയൊരു ശതമാനം കട്ട് ചെയ്ത് ബാക്കി പണം തിരിച്ചുകിട്ടുന്നുണ്ട്.
സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വ്യക്തിഗത വിസകള്‍ വളരെ സൗകര്യപ്രദമാണ്. വിദേശത്തുള്ളവരെ ഉംറക്ക് കൊണ്ടുവരാന്‍ വ്യക്തിഗത വിസ ഉപയോഗപ്പെടുത്താമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പലപ്പോഴായി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മുപ്പത് ദിവസത്തേക്ക് മൂന്നു മാസം വരെ താമസിക്കാവുന്ന സിംഗിള്‍ എന്‍ട്രി വിസ, മൂന്നു മാസത്തേക്ക് ഒരു വര്‍ഷം വരെ താമസിക്കാവുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ എന്നിങ്ങനെ രണ്ടുതരം വിസ ഈ ഗണത്തില്‍ ലഭ്യമാണ്. ഫാമിലി സന്ദര്‍ശക വിസകള്‍ ലഭിക്കാതെ വരുമ്പോള്‍ പലരും ഇത്തരം വ്യക്തിഗത വിസകളെയാണ് ആശ്രയിക്കാറുള്ളത്. സൗദി അറേബ്യയില്‍ പരിചയമുള്ള സൗദി പൗരന്മാരുമായി നേരിട്ട് ബന്ധപ്പെട്ട് ഇത്തരം വിസകള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ തടസ്സങ്ങളൊന്നുമില്ലാതെ സ്റ്റാമ്പ് ചെയ്തുകിട്ടുന്നുമുണ്ട്.