ജിദ്ദ: സൗദിയില്‍ 17,715 തൊഴിലുടമകള്‍ക്കു കീഴില്‍ അഞ്ചും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 1,826 തൊഴിലുടമകള്‍ക്കു കീഴില്‍ പതിനൊന്നും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുണ്ട്.
കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ 24.8 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022 ല്‍ ആകെ 2,54,162 ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പാണ് മാറ്റിയത്. 2021 ല്‍ 2,03,707 വേലക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പാണ് മാറ്റിയിരുന്നത്.
സൗദിയിലെ ആകെ വിദേശ തൊഴിലാളികളില്‍ മൂന്നിലൊന്ന് (32.8 ശതമാനം) ഗാര്‍ഹിക തൊഴിലാളികളാണ്. രാജ്യത്ത് ആകെ 10.99 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. ഇക്കൂട്ടത്തില്‍ 66.8 ശതമാനം (73.4 ലക്ഷം പേര്‍) സ്വകാര്യ മേഖലാ ജീവനക്കാരാണ്. സര്‍ക്കാര്‍ മേഖലയില്‍ 0.4 ശതമാനം പേര്‍ ജോലി ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ 44,100 ഓളം വിദേശികളാണുള്ളത്.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ക്കിടയില്‍ ഗാര്‍ഹിക തൊഴിലാളി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സേവനം നല്‍കുന്ന കഴിഞ്ഞ മാസാദ്യം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റത്തിന് ഈടാക്കാവുന്ന കൂടിയ നിരക്കുകളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. പുതിയ തൊഴിലുടമയുടെയും പഴയ തൊഴിലുടമയുടെയും തൊഴിലാളിയുടെയും സമ്മതത്തോടെയും റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ക്കനുസൃതമായും എളുപ്പമാര്‍ന്ന നടപടികളിലൂടെ വേഗത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഓണ്‍ലൈന്‍ വഴി മാറ്റാന്‍ സാധിക്കും.
സൗദി പൗരന്മാരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നാലില്‍ കൂടുതലും വിദേശികളുടെ സ്‌പോസര്‍ഷിപ്പിലുള്ള രണ്ടില്‍ കൂടുതലുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 9,600 റിയാല്‍ തോതില്‍ ലെവി ബാധകമാക്കി തുടങ്ങിയിട്ടുണ്ട്. വികലാംഗര്‍, മാറാരോഗികള്‍, ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവരുടെ പരിചരണങ്ങള്‍ക്ക് അടക്കം മിനിമം പരിധിയില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ള മാനുഷിക കേസുകളില്‍ വേലക്കാരെ ലെവിയില്‍ നിന്ന് ഒഴിവാക്കും. സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് ബാധകമായ അതേ ലെവിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഒരു വര്‍ഷത്തിനിടെ രണ്ടു ഘട്ടമായി ബാധകമാക്കിയിരിക്കുന്നത്. നേരത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ബാധകമായിരുന്നില്ല.
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം ആദ്യ പാദാവസാനത്തോടെ 36.4 ലക്ഷമായി ഉയര്‍ന്നു. മൂന്നു മാസത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 39,422 പേരുടെ വര്‍ധന രേഖപ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികളില്‍ 49.2 ശതമാനം ഹൗസ് ഡ്രൈവര്‍മാരാണ്. സൗദിയില്‍ 17.9 ലക്ഷം വിദേശികള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു. ഇക്കൂട്ടത്തില്‍ 115 പേര്‍ വനിതകളാണ്. വീട്ടുവേലക്കാരും ശുചീകരണ തൊഴിലാളികളുമായി 17.5 ലക്ഷം പേര്‍ ജോലി ചെയ്യുന്നു. 12 വനിതകള്‍ അടക്കം 22,784 പേര്‍ വീടുകളില്‍ വാച്ച്മാന്മാരായി (ഹാരിസ്) ജോലി ചെയ്യുന്നു. 1,671 ഹോം നഴ്‌സുമാരും ഗാര്‍ഹിക തൊഴിലാൡളുടെ കൂട്ടത്തിലുണ്ട്. ഹോം മാനേജര്‍മാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, വേലക്കാര്‍-ശുചീകരണ തൊഴിലാളികള്‍, പാചകക്കാര്‍-സപ്ലയര്‍മാര്‍, ഗാര്‍ഡുമാര്‍, വീടുകളിലെ തോട്ടംതൊഴിലാളികള്‍, ഹോം ടൈലര്‍മാര്‍, ഹോംനഴ്‌സുമാര്‍, ട്യൂഷന്‍ ടീച്ചര്‍മാര്‍-ആയമാര്‍ എന്നീ ഒമ്പതു വിഭാഗം പ്രൊഫഷനുകളില്‍ പെട്ട ഗാര്‍ഹിക തൊഴിലാളികളാണ് സൗദിയിലുള്ളത്.