കുവൈത്ത് സിറ്റി:ട്രാഫിക് പിഴയടക്കം സര്‍ക്കാരിന് ബില്‍ കുടിശിക വരുത്തുന്ന പ്രവാസികളുടെ വിസ കുവൈത്ത് പുതുക്കില്ല. വിസ പുതുക്കാനും സ്‌പോണ്‍സര്‍ഷിപ് മാറ്റാനും കുടിശിക തീര്‍ക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫിസുകളിലെയും വിവിധ വകുപ്പുകളിലെയും കുടിശികയുള്ള വിദേശികളുടെ വിസ ഇന്നു മുതല്‍ പുതുക്കില്ല.
സ്‌പോണ്‍സര്‍ഷിപ് മാറ്റുന്നതിനും നിബന്ധന ബാധകമാണ്. ഇതിനൊപ്പം ആരോഗ്യ മന്ത്രാലയം വഴി ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെ തെളിവും ഹാജരാക്കണം. കുടിശികയുള്ളവര്‍ക്ക് യാത്രാവിലക്ക് കുവൈത്തില്‍ നടപ്പാക്കിയിരുന്നു. വിമാനത്താവളം ഉള്‍പ്പെടെ കര, നാവിക, വ്യോമ പ്രവേശന കവാടങ്ങളില്‍ എത്തുന്ന പ്രവാസികളില്‍നിന്ന് തുക ഈടാക്കാന്‍ പ്രത്യേക ഓഫിസും തുറന്നിരുന്നു.
ഗതാഗതം, ജലവൈദ്യുതി, നീതിന്യായം തുടങ്ങി സര്‍ക്കാര്‍ ഓഫീസുകള്‍ സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. വിസ പുതുക്കാനോ സ്‌പോണ്‍സര്‍ഷിപ് മാറ്റാനോ ഉള്ളവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലൂടെയോ സഹ്ല്‍ ആപ് വഴിയോ കുടിശിക തീര്‍ക്കണം.