റിയാദ്:ഗാർഹിക ജോലിക്കാർ ഒളിച്ചോടിയതായി സ്‌പോൺസർമാർ ജവാസാത്ത് ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ മറ്റൊരു സ്‌പോൺസറിലേക്ക് ജോലി മാറാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. പുതിയ വിസകൾ അനുവദിക്കുന്നതിനും സ്‌പോൺസർഷിപ്പ് മാറുന്നതിനും മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച നിബന്ധനകൾ പ്രകാരമാണിത്.
ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റണമെന്നുണ്ടെങ്കിൽ നിലവിലെ സ്‌പോൺസർ പുതിയ സ്‌പോൺസർക്ക് മുസാനിദ് പ്ലാറ്റ്‌ഫോം വഴി അപേക്ഷ അയക്കണം. തൊഴിലാളിയുടെയും പുതിയ സ്‌പോൺസറുടെയും മുഴുവൻ വിവരങ്ങളുമടങ്ങിയതായിരിക്കണം അപേക്ഷ. തുടർന്ന് പുതിയ സ്‌പോൺസർ അത് അംഗീകരിക്കണം. അബ്ശിർ വഴിയാണ് അപേക്ഷ പൂർത്തിയാക്കേണ്ടത്. 23 ദിവസം വരെ പരമാവധി നീളുന്ന നടപടിക്രമങ്ങളാണ് സ്‌പോൺസർഷിപ് മാറ്റത്തിനുള്ളത്. എന്നാൽ ഇരുസ്‌പോൺസർമാരും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മണിക്കൂറുകൾക്കം പൂർത്തിയാക്കാനാവും.
ഗാർഹികേതര തൊഴിലാളികൾക്കും ഹുറൂബ് ആയാൽ സ്‌പോൺസർഷിപ് മാറ്റം സാധ്യമാകില്ല. സ്‌പോൺസർ ഹുറൂബ് പിൻവലിച്ചാൽ മാത്രമേ സ്ഥാപനങ്ങൾക്ക് സ്‌പോൺസർഷിപ് മാറ്റ അപേക്ഷ അയക്കാൻ സാധിക്കുകയുള്ളൂ. ഹുറൂബ് ആയാൽ 15 ദിവസത്തിനകം സ്‌പോൺസർമാർക്ക് അവരുടെ അബ്ശിർ വഴി പിൻവലിക്കാൻ സാധിക്കും. പിന്നീട് അബ്ശിർ വഴി സാധിക്കില്ല. പകരം ജവാസാത്തിൽ നേരിട്ട് പോയി പിൻവലിക്കേണ്ടിവരും.