റിയാദ്- ഊർജ വിപണിയുടെ സ്ഥിരതയ്ക്കായി യോജിച്ച ശ്രമങ്ങൾ തുടരാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ധാരണയിലെത്തിയതായി സൗദി പ്രസ് ഏജൻസി (എസ്‌പിഎ) അറിയിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സവിശേഷ ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരു നേതാക്കളും ടെലിഫോൺ സംഭാഷണത്തിൽ അവലോകനം ചെയ്തു.
അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയെ കുറിച്ചും ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിക്കാനുള്ള സൗദിയുടെ താൽപര്യവും ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളും അവർ ചർച്ച ചെയ്തു. കിരീടാവകാശിയുമായി പുടിൻ ഫോണിൽ സംസാരിച്ചിരുന്നുവെന്നും എണ്ണ വിതരണം വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച സമീപകാല കരാറുകൾ ആഗോള ഊർജ വിപണിയിൽ സ്ഥിരത ഉറപ്പാക്കിയെന്നും റഷ്യ അറിയിച്ചു.