ജിദ്ദ -. സ്‌പെയിനിലും ജർമനിയിലും ബ്രിട്ടനിലും ബ്രസീലിലും പ്രവർത്തിക്കുന്ന ടെലിഫോണിക്ക ഗ്രൂപ്പിന്റെ ഓഹരികൾ 850 കോടി റിയാലിന് (210 കോടി യൂറോ) ആണ് എസ്.ടി.സി സ്വന്തമാക്കിയത്. സ്‌പെയിൻ, ജർമനി, ബ്രിട്ടൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ടെലികോം വിപണിയുടെ മുൻനിര വിഹിതം ടെലിഫോണിക്ക ഗ്രൂപ്പിനാണ്. എസ്.ടി.സി ഗ്രൂപ്പിന്റെ തുടർച്ചയായ വിപുലീകരണ, വളർച്ചാ തന്ത്രത്തിന്റെ ഭാഗമായ മറ്റൊരു ചുവടുവെപ്പാണ് പുതിയ ഏറ്റെടുക്കൽ. മുൻനിര സ്ഥാനവും വളർച്ചയും തുടരാനുള്ള ടെലിഫോണിക്ക ഗ്രൂപ്പിന്റെ കഴിവിലുള്ള എസ്.ടി.സിയുടെ വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. കോഗ്നിറ്റീവ് ഇന്റലിജൻസ്, എഡ്ജ് കംപ്യൂട്ടിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നിവയുൾപ്പെടെ പശ്ചാത്തല സൗകര്യ ആസ്തികളും നൂതന സാങ്കേതിക പ്ലാറ്റ്‌ഫോമുകളും ടെലിഫോണിക്ക ഗ്രൂപ്പിനുണ്ട്.
രാജ്യത്തിനകത്തും പുറത്തും വിവിധ ടെലികമ്മ്യൂണിക്കേഷൻ മേഖലകളിൽ നിരവധി നിക്ഷേപങ്ങൾക്ക് വഴിവെച്ച് എസ്.ടി.സി ഗ്രൂപ്പ് സ്വീകരിച്ച നടപടികൾക്ക് അനുസൃതമായാണ് പുതിയ ഇടപാട്. ഏറ്റവും ഒടുവിൽ ബൾഗേറിയയിലും ക്രോയേഷ്യയിലും സ്ലോവേനിയയിലും യുനൈറ്റഡ് ഗ്രൂപ്പ് കമ്പനി മൊബൈൽ ഫോൺ ടവറുകൾ എസ്.ടി.സി ഗ്രൂപ്പിനു കീഴിലെ ടവാൽ കമ്പനി സ്വന്തമാക്കിയിരുന്നു.
എസ്.ടി.സിയെയും ടെലിഫോണിക്ക ഗ്രൂപ്പിനെയും പൊതുകാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും ഒരുമിപ്പിക്കുന്നതായി എസ്.ടി.സി ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ ഖാലിദ് അൽഅബ്ദുല്ല അൽഫൈസൽ രാജകുമാരൻ പറഞ്ഞു. വളർച്ച ത്വരിതപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള ഫലപ്രദമായ തന്ത്രം സ്വീകരിക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച ആശയവിനിമയ സേവനങ്ങൾ നൽകുന്നതിന് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും രണ്ടു കമ്പനികളും ശ്രമിക്കുന്നു. വിവിധ സാങ്കേതിക മേഖലകളിലെ ഗുണപരമായ നിക്ഷേപത്തിലൂടെയും ലോകമെമ്പാടുമുള്ള വിപണികളിൽ ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങളിലൂടെയും വിപുലീകരണവും വളർച്ചാ തന്ത്രവും നടപ്പാക്കുന്നതിന്റെ തുടർച്ചയാണ് ടെലിഫോണിക്ക കമ്പനിയിലെ നിക്ഷേപമെന്നും മുഹമ്മദ് ബിൻ ഖാലിദ് അൽഅബ്ദുല്ല അൽഫൈസൽ രാജകുമാരൻ പറഞ്ഞു.