ജിദ്ദ:സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഹനം സ്വയം നിർമിച്ച് ശ്രദ്ധേയനാവുകയാണ് സൗദി പൗരൻ അബ്ദുൽകരീം. രാപകൽ വ്യത്യാസമില്ലാതെ വാഹനം പ്രവർത്തിക്കുമെന്നും ഇന്ധനം തീർന്ന് പ്രവർത്തനരഹിതമാകുന്ന പ്രശ്‌നമില്ലെന്നും അബ്ദുൽകരീം പറയുന്നു. വാഹനം നിർമിക്കാൻ 7,000 റിയാൽ മുതൽ 8,000 റിയാൽ വരെയാണ് ചെലവ് വന്നത്. കൃഷിയിടത്തിലും ഇസ്തിറാഹയിലും മാത്രമാണ് ഈ വാഹനം തങ്ങൾ ഉപയോഗിക്കുന്നത്.
ഇതിന് ലൈസൻസില്ല. തന്റെ മക്കൾ ഈ വാഹനത്തിൽ പരിശീലിക്കുന്നു. അവർക്ക് ഇഷ്ടമുള്ളതെന്തും വാഹനത്തിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതായും അബ്ദുൽകരീം പറഞ്ഞു. സൗദി പൗരന്റെ സോളാർ വാഹനത്തിന്റെ പിൻവശത്തിന് ഗുഡ്‌സ് ഓട്ടോയുടെ പിൻഭാഗത്തിന് സദൃശമായ രൂപമാണുള്ളത്. ഗുഡ്‌സ് ഓട്ടോയിൽ നിന്ന് വ്യത്യസ്തമായി മുൻവശത്ത് രണ്ടു ടയറുകളും സ്റ്റിയറിംഗുമുണ്ട്. സോളാർ വാഹനം പരിചയപ്പെടുത്തുന്ന സൗദി പൗരന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.