ദോഹ:ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ പിഴയില്‍ യാതൊരു ഇളവും ലഭിക്കില്ലെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ വലേഷന്‍ വിഭാഗം ഓഫീസര്‍ മുഹമ്മദ് റാബിയ അല്‍ കുവാരി വ്യക്തമാക്കി. രാജ്യത്ത് ട്രാഫിക് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പൊതു സ്വത്തിനും റോഡ് ഉപഭോക്താക്കള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പ്രധാന കാരണം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് ട്രാഫിക് നിയമം ഊന്നിപ്പറയുന്നതാണ് .രാജ്യത്ത് 50 മുതല്‍ 60% വരെ ട്രാഫിക് അപകടങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലമാണ് സംഭവിക്കുന്നത് അല്‍-കുവാരി പറഞ്ഞു. ഇന്നലെ ഖത്തര്‍ റേഡിയോയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ 500 റിയാലാണ് പിഴ ഈടാക്കുക.
എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിടിക്കപ്പെട്ട് 30 ദിവസത്തിനകം പിഴ തീര്‍പ്പാക്കിയാല്‍ ഇളവ് ലഭിക്കും. ട്രാഫിക് ലംഘനം രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനകം പിഴ അടച്ചാല്‍ ചില ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 50% കിഴിവ് ലഭിക്കും.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അമിതവേഗതയുള്ളതുമായ മൂന്ന് നിയമലംഘനങ്ങള്‍ ഒരേ സമയം പിടികൂടാന്‍ പുതിയ ഏകീകൃത റഡാര്‍ സംവിധാനത്തിന് കഴിയുമെന്ന് അല്‍-കുവാരി പറഞ്ഞു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഏകീകൃത റഡാര്‍ സംവിധാനം ഞായറാഴ്ച ആരംഭിച്ചത്.
മെട്രാഷ് 2 വഴിയോ എംഒഐ വെബ്സൈറ്റിലോ നിയമലംഘനത്തെ ചാലഞ്ച് ചെയ്യുവാന്‍ ഡ്രൈവര്‍ക്ക് അവകാശമുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളില്‍ മെട്രാഷ് 2 വഴി പ്രതികരണം ലഭിക്കുമെന്നും അല്‍-കുവാരി ചൂണ്ടിക്കാട്ടി.