ജിദ്ദ;ഒരു വർഷത്തിൽ തുടർച്ചയായോ പലതവണകളായോ വിദേശത്ത് തങ്ങുന്ന കാലയളവ് 90 ദിവസം കവിഞ്ഞാൽ സിറ്റിസൺ അക്കൗണ്ട് പദ്ധതി വഴി വിതരണം ചെയ്യുന്ന സബ്‌സിഡി തുകയിൽ നിന്ന് വിദേശ യാത്ര നടത്തുന്ന ദിവസങ്ങളിലെ ധനസഹായ തുക കട്ട് ചെയ്യുമെന്ന് സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം പറഞ്ഞു. പ്രധാന ഗുണഭോക്താവോ ആശ്രിതരോ ഇങ്ങിനെ 12 മാസത്തിനിടെ 90 ദിവസത്തിലേറെ കാലം വിദേശത്ത് കഴിയുന്ന പക്ഷം വിദേശത്ത് കഴിയുന്ന കാലത്തെ സബ്‌സിഡി തുക ധനസഹായത്തിൽ നിന്ന് കട്ട് ചെയ്യുമെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം പറഞ്ഞു.
പദ്ധതി പ്രകാരം പ്രധാന ഗുണഭോക്താവിനോ ആശ്രിതനോ നിശ്ചയിച്ച പ്രതിദിന ധനസഹായ തുക പ്രകാരമാണ് സഹായധനത്തിൽ നിന്ന് കട്ട് ചെയ്യുകയെന്നും സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം വ്യക്തമാക്കി. ഇന്ധന, വൈദ്യുതി ഇനത്തിലുള്ളതടക്കമുള്ള സർക്കാർ സബ്‌സിഡികൾ സ്വദേശി കുടുംബങ്ങൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതിയാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതി. കുടുംബാംഗങ്ങളുടെ എണ്ണം, ഉപഭോഗം, വരുമാനം അടക്കമുള്ള വ്യത്യസ്ത ഘടകങ്ങൾ കണക്കിലെടുത്ത് പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് വ്യത്യസ്ത തുകയാണ് സബ്‌സിഡിയായി പ്രതിമാസം വിതരണം ചെയ്യുന്നത്.