റിയാദ്: വാഹനത്തിൽനിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ച സംഭവത്തിൽ സഊദിയിൽ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനപരിശോധനക്കിടെ കണ്ടെത്തിയ മരുന്നുകളെ തുടർന്ന് ആണ് കേസിൽ ശിക്ഷ വിധിച്ചത്. വാഹനത്തിൽ കണ്ടെത്തിയ മരുന്നുകൾ സുരക്ഷ വകുപ്പ് വേദനസംഹാരികളാണെന്ന് തിരിച്ചറിയുകയും തുടർ നടപടികൾക്കായി മലയാളിയെ അടക്കം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ആയിരുന്നു.
അതെ സമയം, ഇദ്ദേഹത്തിന് കൈമാറിക്കിട്ടിയ വാഹനത്തിൽ നിന്നാണ് വേദനസംഹാരി ഗുളികകൾ പിടിച്ചത്. പക്ഷെ, വാഹനം പരിശോധിച്ച സമയത്ത് ഉപയോഗിച്ച ആളിൽ കേസുകൾ എത്തുകയായിരുന്നു. വാഹനങ്ങൾ കൈമാറി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാത്തതാണ് ഇദ്ദേഹത്തിന് വിനയായത്. സഊദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് കുരുക്കിലാക്കിയത്.
വാഹനപരിശോധനക്കിടെയാണ് കണ്ടെത്തിയ മരുന്നുകൾ സഊദിയിൽ വിതരണം ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയ വേദനസംഹാരി ഗുളികകളായിരുന്നു. ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ല എന്നാണ് നിയമം. എന്നാൽ, ഇതിനുമുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറിക്കിട്ടിയപ്പോൾ ഈ മലയാളി അറിഞ്ഞിരുന്നില്ല. റോഡിൽ പരിശോധനക്കിടെ ബന്ധപ്പെട്ട സുരക്ഷ വകുപ്പ് വാഹനത്തിനുള്ളിൽനിന്ന് മരുന്നുകൾ കണ്ടെത്തി.
ഡോക്ടറുടെ കുറിപ്പടി ഉണ്ടായിരുന്നെങ്കിൽ പ്രശ്നമാവില്ലായിരുന്നു. അത് ഹാജരാക്കാൻ പുതിയ ഡ്രൈവർക്ക് കഴിഞ്ഞില്ല. ഇതോടെ ഇയാളെ പ്രതിയാക്കി കേസെടുത്തു. ഇതിനിടെ, ആദ്യത്തെ ഡ്രൈവർ സഊദി വിട്ടുപോയിരുന്നതിനാൽ ആ ഒരു പിടിവള്ളിയും ഇല്ലാതായി. തുടർന്നാണ് കോടതി ഏഴുമാസത്തെ തടവും അതിനുശേഷം നാടുകടത്തലും ശിക്ഷിച്ചത്. സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഈ വിഷയത്തിൽ ഇടപെട്ട് പ്രശ്ന പരിഹാര ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ശിക്ഷ വിധിക്കപ്പെട്ടയാൾ നിരപരാധിയാണെന്ന് മനസ്സിലായി പ്രശ്നപരിഹാരത്തിന് ശ്രമം തുടരുകയാണ്.
തൽക്കാലത്തേക്ക് വാഹനം മാറി ഉപയോഗിക്കുന്നവർക്ക് ഒരു പാഠമാണ് ഈ സംഭവം. സഊദിയിൽ അബ്‌ഷിർ വഴി ഔദ്യോഗികമായി തന്നെ വാഹനങ്ങൾ മാറി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, അതില്ലാതെയും പ്രവാസികൾ വ്യാകമായി വാഹനം താത്കാലികമായി മാറി ഉപയോഗിക്കാറുണ്ട്. എന്നാൽ, വാഹനം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ലെങ്കിൽ ഏത് രൂപത്തിൽ ആണ് പണി വരുന്നതെന്ന് പറയാനാകില്ല. യൂസ്ഡ് കാർ ഉപയോഗിക്കുന്നവരും കാറുകൾ വാടകക്കെടുത്തും കമ്പനികളിൽ തൽക്കാലാടിസ്ഥാനത്തിൽ വാഹനങ്ങളുമായും ഇതുപോലെ കൈമാറിക്കിട്ടുന്ന വാഹനം ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. ഇത്തരത്തിൽ സ്ഥിരമായല്ലാതെ ഏതൊരു വാഹനവും ഉപയോഗിക്കേണ്ടിവരുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ പെട്ടുപോകും.
ഇത്തരത്തിൽ നിരവധി കേസുകൾ സാമൂഹിക പ്രവർത്തകർക്കു മുന്നിൽ എത്തുന്നുണ്ട്. ചില കേസുകളിൽ ഇടപെടാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യങ്ങളാണ്. സഊദിയിൽ നിലവിൽ മയക്കുമരുന്നിനെതിരെ പ്രത്യേക കാംപയിൻ തന്നെ നടക്കുന്ന സമയമാണ്. അതിനാൽ തന്നെ, കർശന വാഹന പരിശോധനയും വ്യാപകമാണ്.