ജിദ്ദ:ഈ വര്‍ഷം ആദ്യ പാദത്തില്‍ ടൂറിസം വരുമാനത്തില്‍ സൗദി അറേബ്യ റെക്കോര്‍ഡ് മിച്ചം കൈവരിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടൂറിസം വരുമാനത്തില്‍ 22.8 ബില്യണ്‍ റിയാല്‍ മിച്ചം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ നടത്തിയ ധനവിനിയോഗം 225 ശതമാനം തോതില്‍ വര്‍ധിച്ചതാണ് ടൂറിസം വരുമാനത്തില്‍ റെക്കോര്‍ഡ് മിച്ചം കൈവരിക്കാന്‍ സഹായിച്ചത്. ആദ്യ പാദത്തില്‍ വിദേശ വിനോദ സഞ്ചാരികള്‍ സൗദിയില്‍ 37 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ ഇത് 11.3 ബില്യണ്‍ റിയാലായിരുന്നു.
ആദ്യ പാദത്തില്‍ സൗദി വിനോദ സഞ്ചാരികള്‍ വിദേശങ്ങളില്‍ 14 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ സൗദി വിനോദ സഞ്ചാരികളുടെ ധനവിനിയോഗം 12.9 ബില്യണ്‍ റിയാലായിരുന്നു. ഏതാനും വര്‍ഷങ്ങളായി സൗദിയില്‍ ടൂറിസം മേഖല വലിയ വികസനത്തിന് സാക്ഷ്യംവഹിച്ചുവരികയാണ്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന സൗദി ഗവണ്‍മെന്റ്, വരുമാനത്തിനും വികസനത്തിനുമുള്ള പ്രധാന ഉറവിടമായി ടൂറിസത്തിന് ഊന്നല്‍ നല്‍കുന്ന വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്നു.
അതേസമയം, സൗദിയില്‍ ചില നിയങ്ങള്‍ പുതുതായി അംഗീകരിച്ചതും മറ്റു ചില നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയതും ടൂറിസം മേഖലാ വളര്‍ച്ചക്ക് സഹായിച്ചതായി ടൂറിസം മേഖലാ വിദഗ്ധന്‍ ഥാമിര്‍ അല്‍ഹര്‍ബി പറഞ്ഞു. ടൂറിസം വികസന നിധി വിനോദ സഞ്ചാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ നടപ്പാക്കുന്ന പദ്ധതികളും ടൂറിസം മേഖലാ വളര്‍ച്ചക്ക് സഹായിച്ചതായും ഥാമിര്‍ അല്‍ഹര്‍ബി പറഞ്ഞു.