ജിദ്ദ:സൗദിയിൽ വേട്ടയാടുന്നതിനുള്ള ലൈസൻസ് സെപ്റ്റംബർ 1 മുതൽ നൽകി തുടങ്ങുമെന്ന് സൗദി വന്യജീവി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ജനുവരി 31 വരെ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ വേട്ട സീസണിലേക്കുളള ലൈസൻസുകൾ ആവശ്യമായവർ മന്ത്രാലയത്തിന്റെ ഫിതരി പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വേട്ടക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള തോക്കുകൾ കൈവശമുള്ളവർക്കാണ് മന്ത്രാലയ പോർട്ടൽലിലും സൈറ്റിലും വ്യക്തമാക്കിയിട്ടുള്ള ജീവികളെ മാത്രം വേട്ട പിടിക്കുന്നതിന് അനുമതി നൽകുക.
ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ച് വേട്ട പിടിക്കാൻ ആഗ്രഹിക്കുന്ന സൗദി ഫാൽക്കൺ ക്ലബ് അംഗങ്ങളും മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് വേട്ട പിടിക്കാൻ ആഗ്രഹിക്കുന്നവരും നേരത്തെ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം. അനുമതി നൽകിയിട്ടുള്ള ആവശ്യങ്ങൾക്കു മാത്രമായിരിക്കണം പെർമിഷൻ ഉപയോഗിക്കേണ്ടത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയോ പക്ഷികളെയോ വേട്ടപിടിക്കാൻ പാടില്ല, ലൈസൻസുള്ള തോക്കുകളുടെ ഉടമകൾ മാത്രമായിക്കണം വേട്ടക്കു വേണ്ടി തോക്കുകൾ ഉപയോഗപ്പെടുത്തേണ്ടത്. എയർഗണ്ണുകളൊഴികെ തോക്കുകൾ വേട്ടക്ക് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം. ഷോട്ട് ഗണ്ണുകളോ യന്ത്രത്തോക്കുകളോ ഉപയോഗിക്കുവാനോ ഒന്നിലധികം മൃഗങ്ങളെയോ പക്ഷികളെയോ പിടിക്കുവാനോ അനുമതിയുണ്ടായിരിക്കില്ല. ജീവികളെ കൂട്ടത്തോടെ പിടിക്കുന്ന വലകൾ, ഗ്യാസുകൾ, പുകകൾ, വെളളത്തിൽ മുക്കൽ, ഭക്ഷണം വിതറി വശീകരിച്ചോ മറ്റോ ഉള്ള വേട്ടപിടിക്കൽ എന്നിവയും കർനമായി നിരോധിച്ചു. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വേട്ടപിടിക്കുന്നതും വിശ്രമ കേന്ദ്രങ്ങളിലും ആൾ താമസമുള്ള സ്ഥലങ്ങളിലും വഴിവക്കിലും കടൽ തീരത്തു നിന്ന് 20 കിലോമീറ്റർ കരയുടെ ഭാഗത്തേക്കോ വേട്ട പിടിക്കാൻ പാടില്ല. കൃഷി സ്ഥലങ്ങൾ ഫാമുകൾ വൻകിട പ്രോജക്റ്റുകൾ സൈനിക കേന്ദ്രങ്ങൾ എന്നിവക്കടുത്തും വേട്ട നിരോധനമുണ്ടായിരിക്കും.