അബുദാബി:ട്രാഫിക് പിഴയില്‍ ഇളവുമായി അബുദാബി പോലീസ്. നിയമലംഘനം നടത്തിയ തീയതി മുതല്‍ ആദ്യത്തെ 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം ഇളവും 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ അടയ്ക്കുമ്പോള്‍ 25 ശതമാനം ഇളവും ലഭിക്കും. കൂടാതെ, ബ്ലാക്ക് പോയന്റ് ഒഴിവാക്കുമെന്നും പോലീസ് പ്രഖ്യാപിച്ചു.
എന്നാല്‍, ഗുരുതരമായ ലംഘനങ്ങള്‍ ഈ ഉദ്യമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 മാസത്തേക്ക് പൂജ്യം പലിശ നിരക്കില്‍ അബുദാബി പോലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകള്‍ വഴി തവണകളായി പിഴ അടക്കാമെന്നും അറിയിച്ചു.
യു.എ.ഇയിലെ അഞ്ച് ബാങ്കുകളുമായി സഹകരിച്ച് ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ ട്രാഫിക് ലംഘനങ്ങള്‍ അടക്കുന്നതിന് ഒട്ടേറെ വഴികളുണ്ട്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എഡിഐബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്എബി), മ്ര്രഷിഖ് അല്‍ ഇസ് ലാമി, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്ക് സേവനം ലഭിക്കാന്‍, ഡ്രൈവര്‍മാര്‍ക്ക് ഈ ബാങ്കുകളിലൊന്ന് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരിക്കണം. ട്രാഫിക് പിഴ അടയ്ക്കുന്നതിന് തവണകളായി വാഹനമോടിക്കുന്നവര്‍ ബുക്ക് ചെയ്ത തീയതി മുതല്‍ രണ്ടാഴ്ചയില്‍ കൂടാത്ത കാലയളവിനുള്ളില്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം. ട്രാഫിക് ലംഘനത്തിനുള്ള പിഴകള്‍ ഒരു വര്‍ഷം മുഴുവനും തവണകളായി അടയ്ക്കാനും അവസരമുണ്ട്. ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും ജീവിതം സുഗമമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു.