ജിദ്ദ – സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയെന്ന സ്ഥാനം ജൂണിലും ചൈന നിലനിർത്തി. ജൂണിൽ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ചൈനയിലേക്ക് 13.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 15.5 ശതമാനം ചൈനയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. ദക്ഷിണ കൊറിയയിലേക്ക് 8.1 ബില്യൺ റിയാലിന്റെയും ഇന്ത്യയിലേക്ക് 7.7 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 9.2 ശതമാനം കൊറിയയിലേക്കും 8.7 ശതമാനം ഇന്ത്യയിലേക്കുമായിരുന്നു. ജപ്പാൻ, അമേരിക്ക, യു.എ.ഇ, ഈജിപ്ത്, മലേഷ്യ, ഫ്രാൻസ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ആകെ കയറ്റുമതിയുടെ 66 ശതമാനം (58.5 ബില്യൺ റിയാൽ) ഈ പത്തു രാജ്യങ്ങളിലേക്കുമായിരുന്നു.
ഇറക്കുമതിയിലും ഒന്നാം സ്ഥാനത്ത് ചൈനയാണ്. ചൈനയിൽ നിന്ന് 10 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ജൂണിൽ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 4.3 ബില്യൺ റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 3.6 ബില്യൺ റിയാലിന്റെയും ഉൽപന്നങ്ങൾ ജൂൺ മാസത്തിൽ ഇറക്കുമതി ചെയ്തു. ഇന്ത്യ, സ്വിറ്റ്‌സർലാന്റ്, സിങ്കപ്പൂർ, ജർമനി, ഈജിപ്ത്, ഇറ്റലി, റഷ്യ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ആകെ ഇറക്കുമതിയുടെ 60.3 ശതമാനവും (31 ബില്യൺ റിയാൽ) ഈ പത്തു രാജ്യങ്ങളിൽ നിന്നുമായിരുന്നു. ജൂണിൽ 37.4 ബില്യൺ റിയാൽ വാണിജ്യ മിച്ചം കൈവരിച്ചു. തുടർച്ചയായി 36 ാം മാസമാണ് സൗദി അറേബ്യ വാണിജ്യ മിച്ചം നേടുന്നത്.