ദോഹ:ഡ്രൈവിംഗിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ റെക്കോര്‍ഡ് ചെയ്യാന്‍ ഓട്ടമേറ്റഡ് റഡാറുകള്‍ 27 മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ ലംഘകര്‍ക്ക് സന്ദേശമെത്തിയാലും പിഴ ഈടാക്കില്ല. സെപ്റ്റംബര്‍ 3 മുതല്‍ പിഴത്തുക അടയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഓട്ടമേറ്റഡ് റഡാറുകള്‍ ഉപയോഗിക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 2 വരെ നിയമ ലംഘകര്‍ക്ക് ലഭിക്കുന്ന സന്ദേശം മുന്നറിയിപ്പായി കണക്കാക്കിയാല്‍ മതി. ലംഘനം രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും പിഴ ഈടാക്കില്ലെന്നും ഗതാഗത വകുപ്പിലെ റഡാര്‍ ആന്‍ഡ് സ്‌കെയില്‍സ് വകുപ്പ് മേധാവി മേജര്‍ ഹമദ് അലി അല്‍ മുഹന്നദി വ്യക്തമാക്കി.
സെപ്റ്റംബര്‍ 3 മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ റഡാര്‍ കണ്ണുകള്‍ രേഖപ്പെടുത്തും. പിഴയും ഈടാക്കും. ഡ്രൈവിംഗിനിടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും സീറ്റ് ബല്‍റ്റ് ധരിക്കാതിരിക്കുന്നതിനും 500 റിയാല്‍ വീതമാണ് പിഴ.