ജിദ്ദ – പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന ബുക്സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി. ഒരാഴ്ചക്കിടെ നോട്ടുപുസ്തകങ്ങളും പേനകളും സ്കൂള്‍ ബാഗുകളും അടക്കമുള്ള വസ്തുക്കള്‍ വില്‍ക്കുന്ന 2,490 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. പഠനോപകരണങ്ങളും വിദ്യാര്‍ഥികള്‍ക്കാവശ്യമായ മറ്റു വസ്തുക്കളും ലഭ്യമാണെന്ന് ഉറപ്പുവരുത്താനും വില സ്ഥിരത പരിശോധിക്കാനും വില്പനക്ക് പ്രദര്‍ശിപ്പിച്ച ഉല്പന്നങ്ങളില് പ്രൈസ് ടാഗുകളും സ്റ്റിക്കറുകളുമുണ്ടെന്ന് ഉറപ്പുവരുത്താനും വില്പനക്ക് പ്രദര്‍ശിപ്പിച്ച റാക്കില്‍ രേഖപ്പെടുത്തിയ വിലയും കൗണ്ടറില്‍ ഈടാക്കുന്ന വിലയും തമ്മില്‍ വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്താനും ഓഫറുകള്‍ നിരീക്ഷിക്കാനും ശ്രമിച്ചാണ് സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. സ്ഥാപനങ്ങളുടെ നിയമ സാധുതയും വാണിജ്യ മന്ത്രാലയ നിയമങ്ങളൊന്നും ലംഘിക്കുന്നില്ലെന്നും പരിശോധനകള്‍ക്കിടെ ഉറപ്പുവരുത്തി. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.