റിയാദ്:റിയാദിൽ നടപ്പാക്കുന്ന കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു. സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി പൊതുഗതാഗത വികസനത്തിലൂടെയും പൊതുഗതാഗത മേഖല മെച്ചപ്പെടുത്തുന്ന ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിലൂടെയും തലസ്ഥാനത്തെ സാമ്പത്തികവും നഗരപരവുമായ പരിവർത്തനത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ 40 ലക്ഷത്തിലേറെ യാത്രക്കാർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി. ഇക്കാലയളവിൽ 4,35,000 ബസ് സർവീസുകളാണ് നടത്തിയത്.
മൂന്നാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസ് പദ്ധതിയിലെ ആകെ റൂട്ടുകൾ 33 ആയും ബസ് സ്റ്റോപ്പുകൾ 1,611 ആയും ഉയർന്നു. ആകെ 565 ബസുകൾ ഈ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുന്നു. റിയാദ് ബസ് ശൃംഖലയുടെ ആകെ നീളം 1,900 കിലോമീറ്ററാണ്. ഇതിൽ 1,284 കിലോമീറ്റർ നീളത്തിൽ നിലവിൽ ബസ് സർവീസുകളുണ്ട്. ഈ വർഷാവസാനത്തിനു മുമ്പായി റിയാദ് ബസ് ശൃംഖല പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് പദ്ധതിയിൽ ശേഷിക്കുന്ന നാലും അഞ്ചും ഘട്ടങ്ങൾ ആരംഭിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
മൂന്നാം ഘട്ടത്തിൽ പ്രത്യേക ട്രാക്കോടെയുള്ള പതിമൂന്നാം നമ്പർ റൂട്ട് അടങ്ങിയിരിക്കുന്നു. ഖാലിദ് ബിൻ അൽവലീദ് റോഡിലൂടെയാണ് പതിമൂന്നാം നമ്പർ റൂട്ട് കടന്നുപോകുന്നത്. നേരത്തെ പ്രത്യേക ട്രാക്കോടെയുള്ള പതിനൊന്നാം നമ്പർ റൂട്ട് ഉദ്ഘാടനം ചെയ്തിരുന്നു. കിംഗ് അബ്ദുൽ അസീസ്, സ്വലാഹുദ്ദീൻ അയൂബി റോഡുകളിലൂടെയാണ് ഈ റൂട്ട് കടന്നുപോകുന്നത്.
യാത്രക്കാർക്ക് മികച്ച ഗതാഗത അനുഭവം നൽകാനും ഗതാഗതക്കുരുക്ക് കുറക്കാനും, നഗരത്തിലുടനീളം യാത്രക്കാരെ കൃത്യതയോടെയും സുരക്ഷിതത്വത്തോടും കൂടി കൊണ്ടുപോകുന്നതിൽ കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്താനും പ്രത്യേക ട്രാക്കുകളിലൂടെയുള്ള ബസ് സർവീസുകളിലൂടെ ലക്ഷ്യമിടുന്നു. ബസുകൾക്കുള്ള പ്രത്യേക ട്രാക്ക് ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. പ്രത്യേക ട്രാക്കിലെ ബസ് സ്റ്റോപ്പുകളിൽ ഇലക്ട്രിക് എലിവേറ്ററുകൾ സ്ഥാപിച്ച കാൽനടപ്പാലങ്ങളിലൂടെ സുരക്ഷിതമായും എളുപ്പത്തിലും യാത്രക്കാർക്ക് എത്തിച്ചേരാൻ സാധിക്കും.
റിയാദ് ബസ് ആപ്പിലൂടെ റിയാദ് ബസ് സർവീസീന് പിന്തുണ നൽകുന്നു. ഇന്ററാക്ടീവ് മാപ്പുകൾ വഴി യാത്ര ആസൂത്രണം ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്നത് അടക്കം നിരവധി സേവനങ്ങൾ ആപ്പ് നൽകുന്നു. ആപ്പ് വഴി ടിക്കറ്റുകൾ വാങ്ങാനും സാധിക്കും. റൂട്ടുകൾ അറിയാനും ടിക്കറ്റുകൾ വാങ്ങാനും സഹായിക്കുന്ന നിരവധി ഓപ്ഷനുകൾ റിയാദ് ബസ് പോർട്ടലും യാത്രക്കാർക്ക് നൽകുന്നു. ബസ് സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്റിംഗ് മെഷീനുകളും ടിക്കറ്റ് വിൽപന ഓഫീസുകളും മുഖേനെ വാങ്ങാൻ കഴിയുന്ന ദർബ് കാർഡ് സേവനം വഴിയും ടിക്കറ്റ് നിരക്ക് എളുപ്പത്തിൽ അടക്കാൻ സാധിക്കും.
രണ്ടു മണിക്കൂർ ടിക്കറ്റിന് നാലു റിയാൽ, മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റിന് 20 റിയാൽ, ഏഴു ദിവസത്തേക്കുള്ള ടിക്കറ്റിന് 40 റിയാൽ, 30 ദിവസത്തേക്കുള്ള ടിക്കറ്റിന് 140 റിയാൽ എന്നിങ്ങിനെ വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകൾ അടങ്ങിയ വൈവിധ്യമാർന്ന ഓപ്ഷനുകളും റിയാദ് ബസ് സർവീസിൽ യാത്രക്കാർക്ക് ലഭ്യമാണ്.