ജിദ്ദ – രണ്ടു മാസം നീണ്ട വേനലവധിക്കു ശേഷം സൗദിയിലെ വിദ്യാലയങ്ങള്‍ നാളെ തുറക്കും. വിദേശങ്ങളിലും സൗദിയിലെ മറ്റു പ്രവിശ്യകളിലും മറ്റും അവധിക്കാലം ചെലവഴിച്ചവരെല്ലാം സ്വന്തം വീടുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും യൂനിഫോമുകളും വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലെല്ലാം കടുത്ത തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പാഠപുസ്തകങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ പ്രവിശ്യകളില്‍ നൂറു കണക്കിന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ 5,97,000 അധ്യാപകര്‍ക്കും 1,22,000 ലേറെ ഓഫീസ് ജീവനക്കാര്‍ക്കും കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഡ്യൂട്ടി ആരംഭിച്ചിരുന്നു. 60 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ മുതല്‍ സ്‌കൂളുകള്‍ ശബ്ദമുഖരിതമാക്കും.
ദശകങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വേനലവധിക്കാലമാണ് ഇത്തവണ സൗദിയിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. സാധാരണയില്‍ നാലു മാസം വരെ നീളുന്ന വേനലവധി ഇത്തവണ രണ്ടു മാസമായിരുന്നു. മൂന്നു ടേം (സെമസ്റ്റര്‍) സംവിധാനം വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതാണ് വേനലവധി കുറയാന്‍ ഇടയാക്കിയത്.