റിയാദ്:ഈ വർഷം ആദ്യ പകുതിയിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം 44 ലക്ഷം കവിഞ്ഞതായി സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വർഷം ട്രെയിൻ യാത്രക്കാരുടെ എണ്ണം 84 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ 22 ലക്ഷം പേരാണ് ട്രെയിനുകളിൽ യാത്ര ചെയ്തത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ ആറു മാസക്കാലത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ എണ്ണം 46 ശതമാനം തോതിലും വർധിച്ചു. ആറു മാസക്കാലത്ത് കിഴക്കൻ സൗദി ട്രെയിൻ, ഉത്തര സൗദി ട്രെയിൻ, ഹറമൈൻ ട്രെയിൻ ശൃംഖലകളിൽ 16,404 പാസഞ്ചർ ട്രെയിൻ സർവീസുകളാണ് നടത്തിയത്.
രണ്ടാം പാദത്തിൽ ഗുഡ്‌സ് ട്രെയിനുകളിൽ 63.4 ലക്ഷം ടൺ ചരക്കുകൾ നീക്കം ചെയ്തു. ആദ്യ പകുതിയിൽ 1.2 കോടിയിലേറെ ടൺ ചരക്കുകൾ നീക്കം ചെയ്തു. കഴിഞ്ഞ വർഷം ആദ്യത്തെ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ ട്രെയിനുകൾ വഴിയുള്ള ചരക്കു നീക്കം 13 ശതമാനം തോതിൽ വർധിച്ചു. ട്രെയിനുകൾ വഴിയുള്ള ചരക്ക് നീക്കം 9,70,000 ചരക്ക് ലോറി സർവീസുകൾ റോഡുകളിൽ നിന്ന് മാറ്റിനിർത്താൻ സഹായിച്ചതായും സൗദി അറേബ്യ റെയിൽവെയ്‌സ് പറഞ്ഞു.