അബുദാബി-രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച് പുതിയ നിയമങ്ങളുമായി യു.എ.ഇ സർക്കാർ.ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കാത്തവരും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവരുമായ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ നിയമം.നഴ്‌സിംഗ്, ലബോറട്ടറി,മെഡിക്കൽ ഫിസിക്‌സ്, ഫംഗ്ഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്‌തേഷ്യ,ഓഡിയോളജി,റേഡിയോളജി,ഫാർമസി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ നിയമം ബാധകമാകും.കരട് നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി.
പുതിയ നിയമമനുസരിച്ച് ഇനി മുതൽ ബിരുദമോ അംഗീകൃത ആരോഗ്യ തൊഴിൽ യോഗ്യതയോ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് അതോറിറ്റി ലൈസൻസ് ലഭിച്ചാൽ മാത്രമേ യു.എ.ഇയിൽ ജോലി ചെയ്യാൻ കഴിയൂ.ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവർത്തകർക്ക് പിഴ ചുമത്താനും ജോലി സംബന്ധമായ മെഡിക്കൽ എത്തിക്‌സും പ്രൊഫഷണൽ പെരുമാറ്റങ്ങളും നിർദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി. മാത്രമല്ല സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടുതൽ അച്ചടക്കം വരുത്തുന്നതുമാണ് പുതിയ നിയമം.
രാജ്യത്ത് ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കായി ദേശീയ മെഡിക്കൽ രജിസ്റ്റർ സ്ഥാപിക്കുന്നതിന് ആരോഗ്യപ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിച്ച് അവരുടെ സ്വന്തം രജിസ്റ്ററുകൾ സൃഷ്ടിക്കണം.ആരോഗ്യ രംഗത്തെ ജോലികൾക്കായി ലഭിക്കുന്ന അപേക്ഷകൾ മന്ത്രാലയമോ ഫെഡറൽ അല്ലെങ്കിൽ ലോക്കൽ ഹെൽത്ത് അതോറിറ്റിയോ സ്വീകരിക്കുകയും രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കുകയും ചെയ്യും. ജോലിക്കായി തെറ്റായ രേഖകളോ, ഡാറ്റയോ ആരോഗ്യ അതോറിറ്റിക്കോ തൊഴിലുടമക്കോ സമർപ്പിക്കുന്നതും ശിക്ഷാർഹമാണ്.