ദമാം – കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളിൽ തെരുവുകളിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന 2,484 കാറുകൾ ഈ വർഷം ആദ്യ പകുതിയിൽ അശ്ശർഖിയ നഗരസഭ നീക്കം ചെയ്തു. നിയമാനുസൃത സാവകാശം നൽകിയിട്ടും ഉടമകൾ നീക്കം ചെയ്യാത്ത വാഹനങ്ങളാണ് നഗരസഭ നീക്കം ചെയ്തത്.
മറ്റൊരു സംഭവത്തിൽ, പശ്ചിമ ദമാമിൽ പഴയ കാറുകൾ പൊളിച്ച് ആക്രിയാക്കി മാറ്റുന്ന വർക്ക്‌ഷോപ്പുകൾ പ്രവർത്തിക്കുന്ന ഏരിയയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന വെയർഹൗസ് അശ്ശർഖിയ നഗരസഭ കഴിഞ്ഞ ദിവസം അടപ്പിച്ചു. ആവശ്യമായ ലൈസൻസുകൾ നേടാതെ രാസവസ്തുക്കളാണ് വെയർഹൗസിൽ സൂക്ഷിച്ചിരുന്നത്. സ്ഥാപന ഉടമക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അശ്ശർഖിയ നഗരസഭ അറിയിച്ചു.