ജിദ്ദ:വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പതിമൂന്നു കാർ ഏജൻസികൾക്ക് വാണിജ്യ മന്ത്രാലയം പിഴകൾ ചുമത്തി. കൊമേഴ്സ്യൽ ഏജൻസി നിയമം ലംഘിച്ചതിനും റിപ്പയർ സേവനം നൽകുന്നതുമായും സ്പെയർ പാർട്സ് ലഭ്യമാക്കുന്നതുമായും ബന്ധപ്പെട്ട നിയമാവലി പാലിക്കാത്തതിനും ഉപയോക്താക്കൾക്ക് വിൽപനാനന്തര സേവനം നൽകാത്തതിനുമാണ് ഈ സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയത്. ബ്രിട്ടീഷ്, ഇറ്റാലിയൻ, അമേരിക്കൻ, ദക്ഷിണ കൊറിയൻ, ചൈനീസ് കാറുകളുടെ ഏജൻസികൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
റിപ്പയർ കാലത്ത് കാർ പ്രയോജനപ്പെടുത്താൻ സാധിക്കാത്തതിന് ബദൽ കാറോ നഷ്ടപരിഹാരമോ നൽകാതിരിക്കൽ, സാങ്കേതിക മാനദണ്ഡങ്ങൾ പൂർണമായ സ്പെയർ പാർട്സ് നിശ്ചിത സമയത്തിനകം ലഭ്യമാക്കാതിരിക്കൽ, വാറണ്ടി കാലത്ത് കാർ സ്വീകരിക്കാതിരിക്കൽ, ഡിമാന്റ് വിരളമായ സ്പെയർ പാർട്സ് ഉപയോക്താവ് ആവശ്യപ്പെട്ട് പതിനാലു ദിവസത്തിനുള്ളിൽ ലഭ്യാക്കാതിരിക്കൽ, ഓർഡർ പ്രകാരം പുതിയ കാർ ഡെലിവറി ചെയ്യാൻ കാലതാമസം വരുത്തൽ, ഉപയോക്താക്കളോടുള്ള ഏജൻസികളുടെ നിർബന്ധ കടമകൾ പ്രത്യേകം നിർണയിക്കാതിരിക്കൽ, മെയിന്റനൻസ്, വാറണ്ടി വ്യവസ്ഥകൾ പാലിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഏജൻസികളുടെ ഭാഗത്ത് കണ്ടെത്തിയത്.
ഏജൻസികൾ സ്പെയർപാർട്സ് സ്ഥിരമായി ലഭ്യമാക്കണമെന്നും ഡിമാന്റ് വിരളമായ സ്പെയർ പാർട്സ് ഉപയോക്താവ് ഓർഡർ ചെയ്ത് പതിനാലു ദിവസത്തിനകം ലഭ്യമാക്കിയിരിക്കണമെന്നും കൊമേഴ്സ്യൽ ഏജൻസി നിയമം അനുശാസിക്കുന്നു. പ്രത്യേക സാങ്കേതിക സവിശേഷതകളോടെ പ്രത്യേകം നിർമിക്കേണ്ട സ്പെയർ പാർട്സ് ന്യായമായ കാലയളവിനുള്ളിൽ ലഭ്യമാക്കാൻ ഏജൻസിയും ഉപയോക്താവും തമ്മിൽ ധാരണയിലെത്തുകയാണ് വേണ്ടത്.